ആലപ്പുഴ: ഗള്‍ഫില്‍ നിന്നും നിരവധി തവണ സ്വര്‍ണം കടത്തിയെന്ന് ബിന്ദുവിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കസ്റ്റംസ് യുവതിയെ ചോദ്യം ചെയ്തു. മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിലാണ് സ്വര്‍ണക്കടത്ത് സംഘത്തെക്കുറിച്ച്‌ കസ്റ്റംസ് സംഘം അന്വേഷണം ആരംഭിച്ചത്. കൊച്ചിയില്‍ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മാന്നാര്‍ സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് ബിന്ദുവിന്റെ വീട്ടിലെത്തിയ കസ്റ്റംസ് സംഘം യുവതിയെ ചോദ്യം ചെയ്തു.

ഗള്‍ഫില്‍ നിന്ന് താന്‍ നിരവധിതവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് മാന്നാറില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവതി സമ്മതിച്ചിരുന്നു. എട്ട് മാസത്തിനിടയില്‍ മൂന്ന് തവണ സ്വര്‍ണ്ണം എത്തിച്ചു. ഒടുവില്‍ കൊണ്ടുവന്നത് ഒന്നരക്കിലോ സ്വര്‍ണമാണ്. ഇത് വഴിയില്‍ ഉപേക്ഷിച്ചെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് മാന്നാര്‍ സ്വദേശിയായ പീറ്ററിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളാണ് അക്രമിസംഘത്തിന് യുവതിയുടെ വീട് കാണിച്ചു കൊടുത്തത്.

കേസുമായി ബന്ധപ്പെട്ട് പൊന്നാനി സ്വദേശികളായ രണ്ട് പേരുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. യുവതിയെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ പ്രധാനിയായ പൊന്നാനി സ്വദേശി രാജേഷ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. കൊടുവള്ളി സ്വദേശിയായ ഹനീഫയ്ക്ക് വേണ്ടിയാണ് സംഘം സ്വര്‍ണം കടത്തിയത്.