ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് തപാല്‍ വോട്ട് സൗകര്യം ഒരുക്കുന്നത് എത്രയും വേഗം നടപ്പാക്കുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇതിനായി നിയമ, വിദേശകാര്യ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ടുവരികയാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി. പ്രവാസി വോട്ടിനായി പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ വ്യവസായി ഡോ. ഷംഷീര്‍ വയലിലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് കമ്മിഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കമ്മിഷന്‍ പ്രതികരണം പ്രതീക്ഷാജനകമെന്നും ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രവാസി പോസ്റ്റല്‍ ബാലറ്റ് നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഷംഷീര്‍ പറഞ്ഞു.