ജീവിതത്തെ കുറിച്ചുള്ള തന്റെ പ്രധാന 5 കാഴ്ചപ്പാടുകള്‍ പങ്കുവച്ച്‌ ഇന്റര്‍നെറ്റ് ലോകത്ത് ആളുകളുടെ മനസ്സില്‍ ഇടം നേടിയിരിക്കുകയാണ് ലിയോനോര റെയ്മണ്ട് എന്ന 100 വയസുകാരി. ഹ്യൂമന്‍സ് ബോംബെ എന്ന ഇന്‍സ്റ്റാഗ്രാം പേജ് ആണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോയില്‍ മികച്ച വസ്ത്രം ധരിച്ച്‌ ഭംഗിയുള്ള തൊപ്പി തലയില്‍ ധരിച്ചെത്തിയാണ് ഈ വയോധിക സുന്ദരമായ ജീവിതം സ്വപ്നം കാണുന്നവര്‍ക്കായി ടിപ്പുകള്‍ പങ്കു വയ്ക്കുന്നത്. 5 ടിപ്പുകളാണ് ഇവര്‍ വീഡിയോയില്‍ പങ്കുവയ്ക്കുന്നത്.

– ജീവിതത്തെ കുറിച്ചുള്ള സുദീര്‍ഘമായ തന്റെ വീക്ഷണം നിങ്ങള്‍ക്ക് പങ്കുവെക്കുകയാണ് 100 വയസ്സിലും ചെറുപ്പക്കാരിയായ ലിയോനോര റെയ്മണ്ട് എന്ന തലക്കെട്ടോടെയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ജീവിതത്തില്‍ കൂട്ടുവേണം എന്നത് അനിവാര്യമായി വരുന്ന സമയം വരെ ഒറ്റയ്ക്ക് ജീവിക്കുക. നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകള്‍ വലിച്ചെറിയുക. ഓരോ വര്‍ഷവും കുറഞ്ഞത് ഒരു മാസത്തെ ശമ്ബളമെങ്കിലും സമ്പാദ്യത്തിലേക്ക് മിച്ചം വയ്ക്കുക. ജീവിതത്തെ ഗൗരവമായി കാണേണ്ടതില്ല, പുഞ്ചിരിയോടെ ജീവിക്കൂ.. ഇങ്ങനെ നീളുന്നു മുത്തശ്ശിയുടെ ഉപദേശങ്ങള്‍.

60 കഴിഞ്ഞയാളുകള്‍ അര്‍ത്ഥശൂന്യവും വിരസവുമായ ജീവിതമാണ് നയിക്കുന്നത് എന്ന പൊതുബോധത്തെ തച്ചുടക്കുന്ന ഇത്തരം നിരവധി വീഡിയോകള്‍ അനുദിനം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം
ചിന്തയുമായി ജീവിക്കുന്ന പുതു തലമുറയെ തിരുത്തിക്കൊണ്ടിരിക്കുകയാണ് ജീവിതത്തിലെ നല്ലപ്രായം കഴിഞ്ഞ് വാര്ധക്യത്തിലേക്ക് കടന്നവര്‍. ജീവിതം നമുക്ക് വേണ്ടി മുന്നോട്ട് വയ്ക്കുന്നതും പ്രചോദിതവുമായ കാര്യങ്ങള്‍ നിരവധിയാണെന്ന് ഇവര്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.

 

 

സമൂഹ മാധ്യമങ്ങളില്‍ വൈറലായ വീഡിയോ ഏതാണ്ട് അമ്പതിനായിരത്തിലധികം പേര്‍ ഇതിനകം കണ്ടു കഴിഞ്ഞു. സ്നേഹവും പ്രചോദനവും തുളുമ്ബുന്ന ഈ വീഡിയോയ്ക്ക് താഴെ നിരവധി അഭിപ്രായങ്ങളാണ് പലരും രേഖപ്പെടുത്തുന്നത്. ഈ ദിനത്തിലെ ഏറ്റവും മനോഹരമായ വീഡിയോ എന്ന് ഒരാള്‍ അഭിപ്രായപ്പെട്ടപ്പോള്‍ എന്റെ ഇന്നത്തെ ദിവസം പൂര്ണമാക്കിയതിന് നന്ദി എന്ന് മറ്റൊരാള്‍ കമന്റ് രേഖപ്പെടുത്തി. പലരും മനോഹരമെന്നും പ്രചോദനകരമെന്നും അവരെ വിശേഷിപ്പിച്ചു.