ന്യൂഡല്‍ഹി: എസ്‌എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. 2017ല്‍ സുപ്രിംകോടതിയിലെത്തിയ കേസ് 26 തവണ പരിഗണിച്ചെങ്കിലും കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല. ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദിരാ ബാനര്‍ജി, കെ എം ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ചൊവ്വാഴ്ച ഹരജികള്‍ പരിഗണിക്കുന്നത്. ജനുവരി 12ന് കേസ് പരിഗണിച്ചപ്പോള്‍ സിബിഐക്കുവേണ്ടി ഹാജരാവുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് എത്താന്‍ സാധിക്കാത്തതിനാലാണ് കേസ് മാറ്റിവച്ചത്.

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍, ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി കെ മോഹനചന്ദ്രന്‍, മുന്‍ ജോയന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നല്‍കിയ അപ്പീലാണ് സുപ്രിംകോടതി കേള്‍ക്കുന്നത്.

വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കസ്തൂരിരംഗ അയ്യര്‍, ആര്‍ ശിവദാസന്‍, കെ ജി രാജശേഖരന്‍നായര്‍ എന്നിവരുടെ അപ്പീലുമുണ്ട്. കോണ്‍ഗ്രസ് നേതാവ് വി എം സുധീരനും പിന്നീട് കേസില്‍ കക്ഷിചേര്‍ന്നു.

ലാവ്‌ലിന്‍ ഇടപാടിലെ ഗൂഢാലോചനയില്‍ പിണറായി വിജയനും പങ്കുണ്ടെന്നാണ് വി എം സുധീരന്റെ വാദം. ലാവലിന്‍ കമ്പനിക്ക് അനുകൂലമായ നിലപാട് എടുക്കാന്‍ കെഎസ്‌ഇബി ജീവനക്കാര്‍ക്കുമേല്‍ പിണറായി വിജയന്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് സുധീരന്റെ വാദം.

ലാവ്‌ലിന്‍ കേസില്‍ വി എം സുധീരന്‍ സുപ്രിംകോടതിയില്‍ വാദം എഴുതി നല്‍കി. കേസില്‍ വാദം തുടങ്ങാന്‍ തയ്യാറെന്നും ഇന്ന് കോടതിയെ അറിയിക്കും.കേസില്‍ വാദം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സിബിഐ ഉദ്യോഗസ്ഥര്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തി.