തിരുവനന്തപുരം: കോര്‍പറേഷന്‍ സ്വകാര്യവത്കരണത്തിനെതിരേയും ശമ്പളപരിഷ്‌കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ടും ഒരുവിഭാഗം കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ നടത്തുന്ന 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് ആരംഭിച്ചു. ഇന്ന് അര്‍ധരാത്രി വരെയാണ് സമരം. ഐഎന്‍ടിയുസി, ബിഎംഎസ് യൂനിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്കിനെത്തുടര്‍ന്ന് സര്‍വീസുകള്‍ മുടങ്ങി. പത്ത് ശതമാനത്തോളം ബസ്സുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നതെന്നാണ് പണിമുടക്ക് പ്രഖ്യാപിച്ച യൂനിയനുകള്‍ അവകാശപ്പെടുന്നത്.

മെക്കാനിക് സ്റ്റാഫ് യൂനിയനും പണിമുടക്കില്‍ പങ്കുചേരുന്നുണ്ട്. ഒരുവിഭാഗം തൊഴിലാളികള്‍ പണിമുടക്കുന്നുണ്ടെങ്കിലും പരമാവധി ബസ്സുകള്‍ ഓടിക്കുമെന്നാണ് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്. സിഐടിയു, എഐടിയുസി സംഘടനകള്‍ പണിമുടക്കുന്നില്ല. പണിമുടക്ക് പ്രഖ്യാപിച്ച ടിഡിഎഫ്, കെഎസ്ടി എംപ്ലോയീസ് സംഘ് പ്രതിനിധികളുമായി സിഎംഡി ബിജു പ്രഭാകര്‍ തിങ്കളാഴ്ച ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ശമ്ബളപരിഷ്‌കരണത്തിലാണ് ചര്‍ച്ച വഴിമുട്ടിയത്.

ഏപ്രില്‍ ഒന്ന് മുതല്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കുന്ന വിധത്തില്‍ ഉത്തരവിറക്കണമെന്നായിരുന്നു നേതാക്കളുടെ ആവശ്യം. സര്‍ക്കാരിനോട് ആലോചിക്കാതെ പറയാനാവില്ലെന്നായിരുന്നു എംഡിയുടെ നിലപാട്. ടിഡിഎഫിനെ പ്രതിനിധാനം ചെയ്ത് ആര്‍ ശശിധരന്‍, ആര്‍ അയ്യപ്പന്‍, കെ ഗോപകുമാര്‍, കെ അജയകുമാര്‍, കെഎസ്ടി എംപ്ലോയീസ് സംഘിനെ പ്രതിനിധാനം ചെയ്ത് ജി കെ അജിത്ത്, കെ എല്‍ രാജേഷ്, എസ് അജയകുമാര്‍, ടി പി വിജയന്‍ എന്നിവര്‍ സംസാരിച്ചു.