ന്യുയോര്‍ക്ക്: റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഉപേക്ഷിച്ചു ട്രംപ് പുതിയ പാര്‍ട്ടി രൂപീകരിക്കുകയാണെങ്കില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 46 ശതമാനവും ട്രംപിനൊപ്പം നില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 21 ഞായറാഴ്ച സര്‍ലോക്ക യൂണിവേഴ്സിറ്റി (യുഎസ്‌എ) പുറത്തുവിട്ട സര്‍വേയിലാണ് ഈ വിവരങ്ങല്‍ വെളിപ്പെടുത്തിയത്. ട്രംപിന് വോട്ടു ചെയ്തവരാണ് സര്‍വേയില്‍ പങ്കെടുത്തത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 27 ശതമാനം മാത്രമേ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഉറച്ചുനില്‍കൂ എന്നും, ശേഷമുള്ളവര്‍ ഇതുവരെ വ്യക്തമായ തീരുമാനത്തില്‍ എത്തിച്ചേര്‍ന്നിട്ടില്ലെന്നും സര്‍വെ ചൂണ്ടികാണിക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഞങ്ങളുടെ ആവശ്യങ്ങള്‍ക്കു വേണ്ടിയല്ല നിലനില്‍ക്കുന്നതെന്നും, ട്രംപ് ഞങ്ങള്‍ക്കൊപ്പം നിന്ന് ഞങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി പോരാടുമെന്നും 47 ശതമാനം റിപ്പബ്ലിക്കന്‍സും വിശ്വസിക്കുന്നു. ചെറുകിട വ്യവസായങ്ങള്‍ക്ക് ട്രംപ് നല്‍കുന്ന പിന്തുണ വളരെ ശക്തമാണെന്ന് മില്‍വാക്കിയില്‍ നിന്നുള്ള ഒരു വ്യവസായി പറയുന്നു.
ഇതുവരെ ട്രംപ് ഒരു പ്രത്യേക പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. റിപ്പബ്ലിക്കന്‍ നേതൃത്വത്തേയും, സെനറ്റ് മൈനോറട്ടി ലീഡര്‍ മിച്ചു മെക്കോണലിനേയും അനിശിതമായി ട്രംപ് ഈയിടെ വിമര്‍ശിച്ചിരുന്നു. ട്രംപിനെ കുറ്റക്കാരനാണെന്ന് പ്രഖ്യാപിക്കുന്ന പ്രമേയത്തിന് മിച്ചു മെക്കോണല്‍ എതിരായി വോട്ട് രേഖപ്പെടുത്തിയില്ലെങ്കിലും ജനുവരി 6ന് നടന്ന കാപ്പിറ്റോള്‍ കലാപത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ട്രംപിനാണെന്നും, ട്രംപിനെതിരെ ക്രിമിനല്‍ നടപടികള്‍ ഉണ്ടാകുമെന്നും മെക്കോന്നല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അമേരിക്ക ഗ്രേറ്റ് എഗെയ്‌ന്‍ എന്ന തന്റെ സ്വപ്ന സാക്ഷാത്കാരത്തിനും രാജ്യത്തിനു മുന്‍ഗണന നല്‍കുന്ന നയരൂപീകരണത്തിനും അമേരിക്കയെ ശക്തിപ്പെടുത്തുന്നതിനും ഞാന്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടാകുമെന്ന് ട്രംപ് മിച്ചു മെക്കോണലിന്റെ മുന്നറിയിപ്പിന് മറുപടി നല്‍കി.