ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ മിന്നുന്ന ജയവുമായി ലയണല്‍ മെസിയും സംഘവും. യുവന്റസിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബാഴ്സലോണ വിജയിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെയാണ് യുവന്റസ് കളിക്കാനിറങ്ങിയത്. കോവിഡ് പോസിറ്റീവ് ആയതിനാലാണ് റൊണാള്‍ഡോയ്ക്ക് കളിക്കാന്‍ സാധിക്കാതിരുന്നത്. അദ്ദേഹം ഇപ്പോള്‍ ഐസൊലേഷനിലാണ്.
14-ാം മിനിറ്റിലും അവസാന ഇന്‍ജുറി ടൈമിലുമാണ് ബാഴ്സ ഗോള്‍ നേടിയത്. ബാഴ്സയ്ക്ക് വേണ്ടി മെസിയും ഗോള്‍ നേടി. തുടക്കം മുതലേ മികച്ച ടീം ഗെയിമായിരുന്നു ബാഴ്സയുടേത്. ആദ്യ മിനിറ്റ് മുതല്‍ ആക്രമിച്ച് കളിക്കുകയായിരുന്നു അവര്‍.
തുടരെ തുടരെ സാധ്യതകള്‍ പിറന്നെങ്കിലും പലതും ഗോള്‍ ആക്കാന്‍ ബാഴ്സയ്ക്ക് സാധിച്ചില്ല. ഒടുവില്‍ 14-ാം മിനിറ്റില്‍ ഒസ്മാന്‍ ഡെംബലെയിലൂടെ ബാഴ്സ ആദ്യ ഗോള്‍ നേടി.
ഏകപക്ഷീയമായ ഒരു ഗോള്‍ ലീഡുമായാണ് ബാഴ്സ ആദ്യ പകുതി അവസാനിപ്പിച്ചത്. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളില്‍ തിരിച്ചടിക്കാന്‍ യുവന്റസ് ശ്രമിച്ചെങ്കിലും ഒന്നും ഫലംകണ്ടില്ല.
രണ്ടാം പകുതിയിലും ബാഴ്സയ്ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചു. മെസി, പെദ്രി, ഗ്രിസ്മാന് തുടങ്ങിയവര്‍ തങ്ങള്‍ക്ക് ലഭിച്ച അവസരം നഷ്ടപ്പെടുത്തി. 90-ാം മിനിറ്റിനുശേഷം ലഭിച്ച പെനല്‍റ്റി അവസരം ലക്ഷ്യത്തിലെത്തി ബാഴ്സയെ രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തിച്ചത് സാക്ഷാല്‍ ലയണല്‍ മെസിയാണ്.
അതേസമയം, മെസിയുടെ ഈ സീസണിലെ പ്രകടനത്തില്‍ ആരാധകര്‍ക്ക് അതൃപ്തിയുണ്ട്. സമീപകാലത്തെ ഏറ്റവും മോശം തുടക്കമെന്നാണ് വിലയിരുത്തല്‍. ഇതുവരെ ഒരു പെനല്‍റ്റി ഗോള്‍ മാത്രമാണ് മെസിക്ക് നേടാന്‍ സാധിച്ചത്.