മസ്കത്ത്: കോവിഡിെന്റ പുതിയ വകഭേദം പടരുന്ന സാഹചര്യത്തില്‍ സ്വദേശികളും വിദേശികളും രാജ്യത്തിന് പുറത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി.
തീര്‍ത്തും അത്യാവശ്യമാണെങ്കില്‍ മാത്രമേ വിദേശയാത്രകള്‍ പാടുള്ളൂ. കോവിഡ് മരണനിരക്ക് കുറക്കുന്നതിന് മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒമാനില്‍ 868 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെയാണ് ഇത്രയും പേര് രോഗബാധിതരായത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,39,362 ആയി. 569 പേര്‍ക്കുകൂടി രോഗം ഭേദമായി. 1,30,653 പേരാണ് ഇതുവരെ രോഗമുക്തരായത്. മൂന്നുപേര്‍കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 1552 ആയി.
20 പേരെയാണ് ഏറ്റവും ഒടുവിലായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ 163 ആയി. ഇതില്‍ 56 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്. പുതിയ രോഗികളില്‍ 494 പേരും മസ്കത്ത് ഗവര്ണറേറ്റിലാണുള്ളത്. സീബ്-152, ബോഷര്‍-147, മസ്കത്ത്-135, മത്ര-48, അമിറാത്ത്-11, ഖുറിയാത്ത്-ഒന്ന് എന്നിങ്ങനെയാണ് മസ്കത്തിലെ വിവിധ വിലായത്തുകളിലെ രോഗികളുടെ എണ്ണം. വടക്കന്‍ ബാത്തിന-103, ദാഖിലിയ-81, ദോഫാര്‍-40, തെക്കന്‍ ബാത്തിന-36, ദാഹിറ-31, വടക്കന്‍ ശര്‍ഖിയ-27, ബുറൈമി-19, അല്‍ വുസ്ത-15, തെക്കന്‍ ശര്‍ഖിയ-13, മുസന്ദം-ഒമ്ബത് എന്നിങ്ങനെയാണ് മറ്റ് ഗവര്‍ണറേറ്റുകളിലെ പുതിയ രോഗികളുടെ എണ്ണം.