സിനിമയില്‍ രാഷ്ട്രീയംകലര്‍ത്തരുതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ഐ എഫ് എഫ് കെയുമായി ബന്ധപ്പെട്ട് വിവാദം വേണ്ടിയിരുന്നില്ലെന്ന് സലീം കുമാറിന് ഇപ്പോള്‍ തോന്നുന്നുണ്ടാകുമെന്നും കമല്‍ പറഞ്ഞു. സംവിധായകന്‍ ടി ദീപേഷ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അയാള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നാണ് കമലിന്‍റെ മറ്റൊരു നിരീക്ഷണം. ദീപേഷിന്റെ സിനിമ തിരഞ്ഞെടുക്കപ്പെടാത്തതാണ് ആരോപണത്തിന്റെ കാരണമെന്നും കമല്‍ വിമര്‍ശിച്ചു.

സ്വന്തം സിനിമകള്‍ ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തവരാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. സിബി മലയിലിനെ തിരഞ്ഞെടുത്തത് സര്‍ക്കാരാണ്. അദ്ദേഹം സര്‍ക്കാരിന് എതിരെ സംസാരിച്ചാല്‍ അക്കാദമിക്ക് ഇടപെടാന്‍ ആവില്ലെന്നാണ് കമലിന്‍റെ മറ്റൊരു പ്രസ്താവന.

ഐഎഫ്‌എഫ്‌കെയുടെ കൊച്ചി പ്രദര്‍ശനോദ്ഘാടന ചടങ്ങിന് ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ട് സലിം കുമാര്‍ ആരോപണവുമായി രംഗത്തെത്തിയിരുന്നു. പ്രായം ചൂണ്ടിക്കാട്ടിയാണ് സലിം കുമാറിനെ സംഘാടകര്‍ ഒഴിവാക്കിയത്. സലിം കുമാറിനെ ഒഴിവാക്കിയത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ദേശീയ പുരസ്‌കാര ജേതാക്കളാണ് ചലച്ചിത്രമേളയില്‍ തിരിതെളിയിക്കാറുള്ളത്. എന്നാല്‍ സലീം കുമാറിനെ ഒഴിവാക്കി അമല്‍ നീരദും ആഷിഖ് അബുവും ആണ് തിരിതെളിയിച്ചത്.

മേളയില്‍ നിന്ന് തന്നെ ഒഴിവാക്കിയത് രാഷ്ട്രീയത്തോടുള്ള എതിര്‍പ്പ് കാരണമാകാം എന്നും സലീം കുമാര്‍ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ കമല്‍ ഖേദം പ്രകടിപ്പിച്ചെത്തിയിരുന്നു. ചലച്ചിത്ര അക്കാദമിയ്ക്ക് ഇതുമായി ബന്ധമില്ലെന്നായിരുന്നു കമലിന്റെ പ്രതികരണം.