മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ നിര്‍മ്മിച്ച ദൃശ്യം 2 എന്ന സിനിമ ആമസോണ്‍ പ്രൈമില്‍ റിലീസ് ആയതിന് പിന്നാലെ സാമൂഹിക മാദ്ധ്യമങ്ങള്‍ ലാലേട്ടന്‍ ആരാധകരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സിനിമയിലെ ഓരോ രംഗങ്ങളും ചൂണ്ടിക്കാട്ടി രസകരമായ ചര്‍ച്ചകളാണ് സാമൂഹിക മാദ്ധ്യമങ്ങളില്‍ നടക്കുന്നത്. അതില്‍ ഒരു ചര്‍ച്ചാ വിഷയമാണ് ലാലേട്ടന്‍ അവതരിപ്പിക്കുന്ന കഥാപാത്രമായ ജോര്‍ജുകുട്ടിയുടെ ഫോര്‍ഡ് എക്കോ സ്‌പോര്‍ട്ട് കാര്‍.

ജോര്‍ജുകുട്ടിയുടെ കാറിന്റെ നമ്ബര്‍ വ്യാജമാണെന്നും അത് ഹോണ്ട ഡിയോ സ്‌കൂട്ടറിന്റെ പേരിലുള്ള നമ്ബറാണെന്നുമാണ് പുതിയ കണ്ടെത്തല്‍. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ നിരവധി പേരാണ് തെളിവ് സഹിതം ഇത് പങ്കുവെച്ചിരിക്കുന്നത്.

സംഭവം വൈറലായതോടെ ഇത് ഗതാഗത വകുപ്പിന്റെ വീഴ്ചയാണെന്നും വ്യാജ നമ്ബര്‍ പ്ലേറ്റ് ഉപയോഗിച്ച ജോര്‍ജുകുട്ടിയുടെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുക്കണമെന്നും ഉള്ള രസകരമായ കമന്റുകളാണ് വരുന്നത്. ജോര്‍ജുകുട്ടിയ്ക്ക് വേണ്ടി വാദിക്കാന്‍ അവസാനം സിനിമയിലെ വക്കീലായ രേണുക വരും എന്നുള്ള പ്രതികരണങ്ങളും വരുന്നുണ്ട്. ഇത് മോട്ടോര്‍ വാഹന വകുപ്പിന്റെ വീഴ്ചയല്ലേ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.