വാളയാര്‍ കേസിലെ മുന്‍ പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍ നിരാഹാര സമരം തുടങ്ങി. വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് നിരാഹാരം.

ജനുവരി 26 മുതലാണ് പെണ്‍കുട്ടികളുടെ അമ്മ സത്യഗ്രഹം തുടങ്ങിയത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ പൊമ്ബിളൈ ഒരുമൈ നേതാവ് ഗോമതി ഫെബ്രുവരി 5 മുതല്‍ നിരാഹാരം സമരം തുടങ്ങിയിരുന്നു. ഇവരുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഗോമതിയെ ആശുപത്രിയിലേക്ക് മാറ്റിയതോടെ ഡി എച്ച്‌ ആര്‍ എം നേതാവ് സലീന പ്രക്കാനം നിരാഹാരം തുടങ്ങി. ഇവരെയും ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് ജലജ മാധവന്‍ നിരാഹാരം തുടങ്ങിയത്. വാളയാര്‍ കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോയത് പൊലീസിന്റെ വീഴ്ച മൂലമാണെന്ന് കേസില്‍ മൂന്നു മാസത്തോളം പ്രോസിക്യൂട്ടറായിരുന്ന ജലജ മാധവന്‍ ആരോപിച്ചിരുന്നു. എന്നാല്‍, കേസിലെ വീഴ്ച പരിശോധിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ പൊലീസിന് പുറമെ പ്രോസിക്യൂട്ടര്‍മാര്‍ക്കും വീഴ്ച പറ്റിയതായി കണ്ടെത്തി. എന്നാല്‍ തന്റെ വാദം കേള്‍ക്കാതെയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് ഉണ്ടാക്കിയതെന്നാണ് ജലജ മാധവന്‍ ആരോപിച്ചത്.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ വാളയാര്‍ കേസിലെ പ്രതികള്‍ക്ക് വേണ്ടി വാദിച്ചത് ചൂണ്ടിക്കാണിച്ചതിന് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതായും ഇവര്‍ ആരോപിച്ചിരുന്നു. ഇപ്പോള്‍ വാളയാര്‍ നീതി സമര സമിതിയുമായി യോജിച്ച്‌ പ്രവര്‍ത്തിക്കുകയാണ് ജലജ മാധവന്‍.

തല മുണ്ഡനം ചെയ്തും പ്രതിഷേധം

വാളയാര്‍ കേസില്‍ നീതി വൈകുന്നതിന് എതിരെ തല പാതി മുണ്ഡനം ചെയ്ത് പ്രതിഷേധം. കേസില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് സാമൂഹ്യ പ്രവര്‍ത്തകനായ ആറുമുഖന്‍ പത്തിച്ചിറ തല, പാതിമുണ്ഡനം ചെയ്തത്.

വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച്‌, പെണ്‍കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് വാളയാര്‍ നീതി സമരസമിതി പ്രവര്‍ത്തകനായ ആറുമുഖന്‍ പത്തിച്ചിറ തല, പാതി മുണ്ഡനം ചെയ്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. അനിശ്ചിതകാല സമരം നടക്കുന്ന പാലക്കാട് വെച്ചാണ് തലയും മീശയും പാതി വടിച്ച്‌ പ്രതിഷേധിച്ചത്.

കഴിഞ്ഞ ദിവസം മറ്റൊരു പ്രവര്‍ത്തകനായ മാരിയപ്പനും തല മുണ്ഡനം ചെയ്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം നിരാഹാര സമരവും തുടരുകയാണ്. വിവിധ സംഘടനകളും പിന്തുണയുമായി രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്ബ് പൊലീസിനെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ പെണ്‍കുട്ടികളുടെ അമ്മ തന്നെ തലമുണ്ഡനം ചെയ്ത് സര്‍ക്കാരിനെതിരെ പ്രചാരണം നടത്തും. എന്നാല്‍ സമരക്കാരുമായി സര്‍ക്കാര്‍ ഒരു ചര്‍ച്ചയ്ക്കും തയ്യാറാകാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

സമരത്തിന് പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ സമര പന്തല്‍ സന്ദര്‍ശിച്ച്‌ പിന്തുണ പ്രഖ്യാപിച്ചിരുന്നു.