ലുലു ഗ്രൂപ്പിന്റെ നേട്ടത്തിന് യു.എ.ഇയുടെ ആദരവ്. ലുലു ഗ്രൂപ്പിന്റെ 200-ാമത് ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ ആദരവായി ബുര്‍ജ് ഖലീഫയില്‍ അഭിനന്ദന സന്ദേശം തെളിഞ്ഞു. എം.എ യൂസഫലി ചെയര്‍മാനായ ലുലു ഗ്രൂപ്പിന്‍്റെ 200-ാമത് ഹൈപ്പര്‍മാര്‍ക്കറ്റ് കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്. ശനി രാത്രി 8 മുതല്‍ 9.30 വരെയാണ് ലുലു ചിത്രങ്ങളും സന്ദേശങ്ങളും ബുര്‍ജ് ഖലീഫയില്‍ പ്രത്യക്ഷപ്പെട്ടത്.

മലയാളത്തിലും നന്ദി പ്രകടനമുണ്ടായിരുന്നു. ലോകമലയാളികള്‍ക്ക് ഇത് അഭിമാന നിമിഷമായി മാറി. കടുംപച്ച പശ്ചാത്തലത്തില്‍ ലുലു ലോഗോയോടൊപ്പം നന്ദി എന്ന് മലയാളത്തില്‍ തെളിഞ്ഞത് മലയാളികള്‍ ഏറ്റെടുത്തു. പുതിയ ഉയരങ്ങള്‍ കീഴടക്കിയതിന്റെ സന്തോഷമാണ് ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞതെന്ന് അധികൃതര്‍ വ്യക്തമാക്കി. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ദശലക്ഷക്കണക്കിനുപേരാണ് ചടങ്ങിന് സാക്ഷിയായത്.

ലുലു ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് വേണ്ട പിന്തുണ നല്‍കിയ യുഎഇ ഭരണാധികാരികള്‍ക്കും ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ച ഓഹരി ഉടമകള്‍ക്കും ഉപഭോക്താക്കള്‍ക്കും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ നന്ദി അറിയിച്ചു. നേരത്തെ ഷാരൂഖ് ഖാന്‍ അടക്കമുള്ള സെലിബ്രിറ്റികളുടെയും ചില സ്വകാര്യവ്യക്തികളുടെയും നാമങ്ങള്‍ വിശേഷ ദിവസങ്ങളില്‍ ബുര്‍ജ് ഖലീഫയില്‍ പ്രത്യക്ഷമായിട്ടുണ്ട്. എന്നാല്‍, ഇതാദ്യമായാണ് മലയാളിയുടെ നേതൃത്വത്തിലുള്ള ബിസിനസ് ഗ്രൂപ്പിന്റെ ചിത്രങ്ങളും സന്ദേശങ്ങളും വരുന്നത്.