ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് ഉള്ളിവില വീണ്ടും കുതിച്ചുയരുന്നു. മഹാരാഷ്ട്രയിലെ നാസികിലെ ലസല്‍ഗോണ്‍ മണ്ടിയില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ക്വിന്റലിന് 970 രൂപയായിരുന്നത് 4200 രൂപ മുതല്‍ 4500 രൂപ വരെയായി വര്‍ധിച്ചു. ചൊവ്വാഴ്ച 3600 രൂപയായിരുന്നു ഉള്ളിക്ക് ക്വിന്റലിന് വില.

മഴയാണ് വില ഉയരാന്‍ കാരണമെന്നാണ് പറയുന്നത്. വരും ദിവസങ്ങളിലും വില ഉയര്‍ന്നേക്കാമെന്നും ഇവിടെ നിന്നുള്ള റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നു. ഖരിഫ് വിളകളുടെ വിതരണം കുറഞ്ഞുവെന്നും ഇവിടെ നിന്നുള്ള കര്‍ഷകര്‍ പറയുന്നു.

രാജ്യത്ത് കര്‍ഷക സമരം ശക്തമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഈ റിപോര്‍ടുകളും വരുന്നത്. അതേസമയം മഹാരാഷ്ട്രയിലെ ഈ വില വര്‍ധന അധികം സമയം നീണ്ടുപോകില്ലെന്നും വ്യാപാരികള്‍ അഭിപ്രായപ്പെട്ടു. മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെ തന്നെ ചില മേഖലകളിലെയും ഉള്ളി വിപണിയിലെത്തുന്നതോടെ നാസികില്‍ ഉള്ളിവിലയിലുണ്ടായിരിക്കുന്ന വര്‍ധന താനേ കുറയുമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.