കിഴക്കന്‍ ലഡാക്കില്‍ നിന്നുളള സൈനിക പിന്‍മാറ്റവുമായി ബന്ധപ്പെട്ട് നടന്ന പത്താംവട്ട കമാന്‍ഡര്‍തല ചര്‍ച്ച അവസാനിച്ചു. പതിനാറ് മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചയില്‍ ഹോട്ട് സ്പ്രിംഗ്, ഗോഗ്ര, ഡെപ്സാംഗ, ഡെംചോക് എന്നീ പ്രശ്നബാധിത മേഖലകളില്‍ നിന്നുളള സൈനിക പിന്‍മാറ്റം വിശദമായി ചര്‍ച്ചചെയ്തതായാണ് പുറത്തുവരുന്ന വിവരം.

പാംഗോംഗ് തടാകത്തിലെ തെക്കന്‍ വടക്കന്‍ മേഖലകളില്‍നിന്നും ഇരുരാജ്യങ്ങളിലേയും സൈനികരെയും ആയുധവിന്യാസങ്ങളെയും പിന്‍വലിച്ചതിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ചര്‍ച്ച നടന്നിരിക്കുന്നത്. ചര്‍ച്ചയ്ക്ക് ലെഫ്. ജനറല്‍ പി.ജി.കെ. മെനോന്‍, ഷിന്‍ജിയാങ് മിലിട്ടറി ചീഫ് മേജര്‍ ജനറല്‍ ലിയു നിന്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.സംഘര്‍ഷ മേഖലകളില്‍ നിന്നുളള സൈനിക പിന്‍മാറ്റവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും തങ്ങളുടെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. ഗോഗ്ര, ഹോട്ട് സ്പ്രിങ് എന്നിവിടങ്ങളില്‍ നിന്നുളള സൈനിക പിന്‍മാറ്റം സംബന്ധിച്ച്‌ ഇന്ത്യയും ചൈനയും ധാരണയിലെത്തിയെന്നും എന്നാല്‍ ഡെപ്സാങ്, ഡെചോക്ക് എന്നിവിടങ്ങളിലെ സൈനിക പിന്‍മാറ്റവുമായി ബന്ധപ്പെട്ട് തീരുമാനമായില്ലെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ബെയ്ജിങ്ങിലും ന്യൂഡല്‍ഹിയിലും നടക്കുന്ന ഉന്നതതല ചര്‍ച്ചയ്ക്ക് ശേഷം വീണ്ടും ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തും.

കഴിഞ്ഞ ഒന്‍പതു തവണ നടന്ന ചര്‍ച്ചകളിലും പാംഗോംഗ് തടാകത്തിലെ വടക്കന്‍ മേഖയിലെ ഫിന്‍ഗര്‍ 4 മുതല്‍ ഫിന്‍ഗര്‍ 8 വരെയുളള മേഖലകളിലെ ചൈനീസ് സൈനിക വിന്യാസം പിന്‍വലിക്കണമെന്ന ആവശ്യമായിരുന്നു ഇന്ത്യ പ്രധാനമായും മുന്നോട്ട് വെച്ചത്. അതേസമയം തടാകത്തിന്റെ വടക്കന്‍ മേഖലകളിലെ തന്ത്രപ്രധാന ഭാഗങ്ങളിലില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്നായിരുന്നു ചൈനയുടെ ആവശ്യം. അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അഞ്ച് മാസങ്ങള്‍ക്ക് മുന്നെ മുഖ്പരി, റെചിന്‍, മഗര്‍ മലനിരകളിലെ തന്ത്ര പ്രധാന മേഖലകള്‍ ഇന്ത്യന്‍ സൈന്യം കൈവശപ്പെടുത്തിയിരുന്നു.