കാസര്‍കോട്: മെട്രോമാന്‍ ഇ.ശ്രീധരന്റെ വരവ് ബിജെപിക്ക് നല്‍കിയ ഉണര്‍വ് ചെറുതല്ല. പാര്‍ട്ടിയില്‍ ഔദ്യോഗികമായി ചേരും മുമ്ബ് തന്നെ അദ്ദേഹം ഇടതുസര്‍ക്കാരിനെതിരെ കുറിക്കുകൊള്ളുന്ന വിമര്‍ശനങ്ങള്‍ തൊടുത്തുവിട്ടു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയാത്രയ്ക്ക് നാളെ കാസര്‍കോട് നിന്ന് തുടക്കമാവുകയാണ്. യാത്രയില്‍ മെട്രോമാനും ബിജെപിയില്‍ ചേരുമെന്നാണ് അറിയിപ്പ്. യാത്ര ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. പാര്‍ട്ടിയിലേക്ക് കൂടുതല്‍ പേര്‍ ചേരുമെന്നാണ് സംസ്ഥാന ബിജെപി വൃത്തങ്ങള്‍ പറയുന്നു.ഇതുസൂചിപ്പിക്കുന്ന പോസ്റ്റ് ബിജെപി കേരളത്തില്‍ വന്നു. റിട്ട:ജസ്റ്റിസുമാരടക്കം നിരവധി പ്രമുഖര്‍ ഉടന്‍ തന്നെ ബിജെപിയുടെ ഭാഗമാകുമെന്നാണ് അറിയിപ്പ്.

പോസ്റ്റ് ഇങ്ങനെ:

ദേശീയ ചിന്താപ്രവാഹത്തിലേക്കുള്ള ഒഴുക്ക് തുടരുകയാണ്. റിട്ട:ജസ്റ്റിസുമാരടക്കം നിരവധി പ്രമുഖര്‍ ഉടന്‍ തന്നെ ബിജെപിയുടെ ഭാഗമാകും. കേരളത്തെ വികസനത്തിലേക്ക് നയിക്കാന്‍ പര്യാപ്തരായ പൊതു സമ്മതരെയാണ് ഭാരതീയ ജനാതാ പാര്‍ട്ടി ജനസമക്ഷം അണിനിരത്തുന്നത്. പൊതു സമൂഹത്തിന്റെയാകെ തിരിച്ചറിവിന്റെ പ്രതീകമായിട്ടാണ് പ്രമുഖരുടെ കടന്നുവരവിനെ, ഇടതു-വലതു മുന്നണികള്‍ നോക്കിക്കാണുന്നത്. എന്‍.ഡി.എ വിട്ടു പോയവര്‍കൂടി തിരിച്ചെത്തുന്നതോടെ മുന്നണി വിപുലപ്പെടും. ഇതിന്റെ ഭാഗമെന്നോണം പി.സി തോമസ് ഉള്‍പ്പെടെ ഉള്ളവര്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ ഭാഗമായുണ്ടാകും.

അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ബിജെപിയുടെ യാത്ര. നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് കാസര്‍കോട് താളിപ്പടുപ്പ് മൈതാനിയിലാണ് ഉദ്ഘാടനം. മാര്‍ച്ച്‌ 6-ന് തിരുവനന്തപുരത്താണ് സമാപനം. കേന്ദ്രഅഭ്യന്തര മന്ത്രി അമിത് ഷായാണ് സമാപാന ചടങ്ങിനെത്തുന്നവരില്‍ പ്രധാനി. എല്ലാ ജില്ലകളിലും കേന്ദ്രമന്ത്രി വി.മുരളീധരനടക്കം ബിജെപിയുടെ കേന്ദ്ര സംസ്ഥാന നേതാക്കളും എന്‍ഡിഎ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും

ജില്ലയിലെ മുപ്പതിനായിരത്തോളം ബിജെപി പ്രവര്‍ത്തകര്‍ ഉദ്ഘാടന പരിപാടിയില്‍ എത്തുമെന്നും കോവിഡ് മാനദണ്ഡം പാലിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. മെട്രോമാന്‍ ഇ.ശ്രീധരനപ്പോലെ കൂടുതല്‍ പ്രമുഖര്‍ വിജയയാത്ര അവസാനിക്കുമ്ബോഴേക്കും പാര്‍ട്ടിയിലെത്തുമെന്ന് കെ.സുരേന്ദ്രന്‍ പറയുന്നു.

എന്‍ഡിഎ വിട്ടുപോയ ഘടകകക്ഷികള്‍ തിരിച്ചുവരുമെന്നും പിസി തോമസ് വിജയയാത്രയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. രാവിലെ കാസര്‍കോട്ടെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച സംസ്ഥാന അധ്യക്ഷന്‍ ഭാഷാന്യൂനപക്ഷസംഘടന ഭാരവാഹികളുടേയും ഹിന്ദു സാമുദായിക സംഘടന നേതാക്കളുടേയും യോഗത്തിലും പങ്കെടുത്തു.