തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് അധിക സീറ്റ് വേണമെന്ന വാദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ മേല്‍നോട്ട സമിതിയിലാണ്‌ ഇത്തരമൊരു അഭിപ്രായം ഉയര്‍ന്നിരിക്കുന്നത്‌. കേരള കോണ്‍ഗ്രസിന് എട്ടോ ഒമ്ബതോ സീറ്റുകള്‍ കൊടുത്താല്‍ മതിയെന്നതാണ് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ യോഗത്തിലെ തീരുമാനം.

15 സീറ്റ് വേണമെന്ന ആവശ്യമായിരുന്നു പിജെ ജോസഫ് ആദ്യം ഉയര്‍ത്തിയിരുന്നത്. എന്നാല്‍ 12 സീറ്റെങ്കിലും വേണം എന്ന നിലപാടിലാണ് ജോസഫ് വിഭാഗം ഇപ്പോഴുള്ളത്. ഇതിന് വഴങ്ങേണ്ടതില്ലെന്നതാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

ഇതിനിടെ ഐശ്വര്യകേരളയാത്ര മികച്ച പ്രതികരണമാണ് സൃഷ്ടിച്ചതെന്ന് ശനിയാഴ്ച്ച ചേര്‍ന്ന കോണ്‍ഗ്രസ് യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പില്‍ അതത് പാര്‍ലമെന്റ് മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല എംപിമാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. വയനാട്, ആലപ്പുഴ മണ്ഡലങ്ങളുടെ അധിക ചുമതല നല്‍കിയിരിക്കുന്നത് കെ മുരളീധരനും കൊടിക്കുന്നില്‍ സുരേഷിനുമാണ്. അതേസമയം കോട്ടയത്തിന്റെ ഏകോപന ചുമതല നല്‍കിയിരിക്കുന്നത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കാണ്.

സെക്രട്ടറിയേറ്റിന് മുന്നിലെ ഉദ്യോഗാര്‍ത്ഥികളുടെ സമരം, ശബരിമല വിഷയം തുടങ്ങിയവ എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി എന്ന വിലയിരുത്തലും യോഗത്തില്‍ ഉയര്‍ന്നു.