കൊച്ചി: കോവിഡ് രോഗിയുടെ മൃതദേഹം നല്‍കാതെ പെട്ടി മാത്രം നല്‍കിയ സംഭവത്തില്‍ വിശദീകരണവുമായി ആശുപത്രി അധികൃതര്‍. ബന്ധുക്കളാണ് മോര്‍ച്ചറിക്ക് സമീപം നിന്ന് ശവപ്പെട്ടി ആംബുലന്‍സില്‍ കയറ്റിയതെന്ന് കൊച്ചി ആസ്റ്റര്‍ മെഡി സിറ്റി അധികൃതര്‍ വ്യക്തമാക്കി.

കോവിഡ് പോസിറ്റീവ് ആയിരുന്ന എറണാകുളം കോതാട് സ്വദേശിയുടെ മൃതദേഹം ബന്ധുക്കളുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്. ബന്ധുക്കളായ നാല് പേരാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയത്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ചികിത്സാ രേഖകള്‍ ബന്ധുക്കള്‍ക്ക് നല്‍കിയ ശേഷമാണ് മൃതദേഹം കൈമാറാന്‍ തയ്യാറായത്. ആശുപത്രി ജീവനക്കാരന്‍ മോര്‍ച്ചറിയില്‍ ഫ്രീസറില്‍ നിന്ന് മൃതദേഹം ഇറക്കി കാത്തുനിന്നിരുന്നു. എന്നാല്‍ മോര്‍ച്ചറിയുടെ സമീപമുള്ള പ്രാര്‍ത്ഥനാമുറിയുടെ വാതിലിലൂടെ അകത്തു കയറിയ ബന്ധുക്കള്‍ അവിടെ സൂക്ഷിച്ചിരുന്ന ശവപ്പെട്ടിയില്‍ മൃതദേഹം ഉണ്ടെന്ന ധാരണയില്‍ ആംബുലന്‍സില്‍ കയറ്റുകയായിരുന്നുവെന്ന് ആശുപത്രി വിശദീകരിച്ചു.

ആംബുലന്‍സ് പുറപ്പെട്ടതിനുശേഷം മോര്‍ച്ചറി പരിശോധിച്ച സെക്യൂരിറ്റി ഓഫീസര്‍ മൃതദേഹം കാണുകയും ഉടനെ തന്നെ ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുകയും ചെയ്തെങ്കിലും നടന്നില്ല. തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവറെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തിരികെ ആശുപത്രിയിലേക്ക് എത്തി. പിന്നീട് മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങി തിരിച്ചു കൊണ്ടുപോയി സംസ്കരിച്ചു.

മൃതദേഹം കൈമാറുന്നതിലെ ആശയക്കുഴപ്പമാണ് സംഭവത്തിന് കാരണമായി ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. പരേതന്റെ ബന്ധുക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ആശുപത്രി ഖേദം രേഖപ്പെടുത്തി. ഇന്നലെ വൈകിട്ട് മരിച്ച കോതാട് സ്വദേശി പ്രിന്‍സ് സിമേന്തിയുടെ മൃതദേഹം കൈമാറിയപ്പോഴാണ് ഗുരുതര വീഴ്ച സംഭവിച്ചത്. മൃതദേഹമില്ലാതെ പെട്ടി മാത്രമാണ് ആശുപത്രിയില്‍ നിന്നും കുടുംബാംഗങ്ങള്‍ കൊണ്ടുപോയത് എന്ന് വൈകിയാണ് അറിയാന്‍ കഴിഞ്ഞത്.

സെമിത്തേരിയിലെത്തിച്ചപ്പോഴാണ് പെട്ടിയില്‍ മൃതദേഹം ഇല്ലെന്നു ബന്ധുക്കള്‍ക്കു മനസിലായത്. പ്രോട്ടോക്കോള്‍ മാനിച്ചായിരുന്നു സംസ്കാര ചടങ്ങുകള്‍ നടത്തിയത്. മൃതദേഹം ഏറ്റുവാങ്ങാന്‍ വന്ന ബന്ധുക്കളും പി പി ഇ കിറ്റ് ധരിച്ചിരുന്നു. നാലു പേര്‍ ചേര്‍ന്ന് ശവപ്പെട്ടി എടുക്കുമ്പോള്‍ അതില്‍ മൃതദേഹം ഉണ്ടായിരുന്ന കാര്യം ആദ്യം പരിശോധിച്ചില്ല. പെട്ടിക്ക് ഭാരക്കുറവ് തോന്നുന്നില്ലെന്നുമാണ് ബന്ധുക്കള്‍ പറഞ്ഞത്.

സെമിത്തേരിയില്‍ വെച്ചു മാത്രമേ ശവപ്പെട്ടി തുറക്കാന്‍ പാടുള്ളൂ എന്ന് നിര്‍ദ്ദേശം ഉള്ളതിനാല്‍ തുറന്ന് നോക്കിയിരുന്നുമില്ല. സംഭവത്തില്‍ പരാതികളുമായി ഇതുവരെയും മരിച്ചയാളുടെ ബന്ധുക്കളാരും രംഗത്ത് വന്നിട്ടുമില്ല.