വീട്ടിലെ പാചകവാതക ചോര്‍ച്ച കണ്ടെത്തി കുടുംബത്തെ രക്ഷിച്ച്‌ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ലില്ലി എന്ന പൂച്ച. വലിയ ഒരു അപകടത്തില്‍ നിന്ന് വീട്ടുകാരെ രക്ഷിച്ച്‌ ഹീറോയായി മാറിയിരിക്കുകയാണ് ഈ പെണ്‍ പൂച്ച. ഓസ്വെഗോ ലേയ്ക്കിനടുത്ത് താമസിക്കുന്ന സാന്‍ഡി മാര്‍ട്ടിന്‍ എന്ന യുവതിയെയും കുടുംബത്തിനുമാണ് ലില്ലി എന്ന വളര്‍ത്തു പൂച്ച രക്ഷകയായത്. സ്വീകരണമുറിയില്‍ പൂച്ചയ്ക്ക് ഒപ്പം കളിക്കുകയായിരുന്ന സാന്‍ഡി പെട്ടെന്ന് അടുക്കളിയിലേയ്ക്ക് ഓടിയ ലില്ലി, ഗ്യാസിന്റെ വാല്‍വില്‍ മണം പിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.

പൂച്ചയുടെ അസാധാരണമായ പെരുമാറ്റം കണ്ട് സാന്‍ഡി പുറകെ എത്തി. പൂച്ച മുമ്ബൊരിക്കലും ഇങ്ങനെയൊരു കാര്യം ചെയ്യാത്തതിനാല്‍ ഇവരും വാല്‍വിനടുത്ത് എത്തി മണത്തു നോക്കി. തുടര്‍ന്ന് ഗ്യാസിന്റെ നേരിയ മണം അനുഭവപ്പെട്ടതിനെ തുട‍ര്‍ന്ന് ഭര്‍ത്താവ് മൈക്കിനോടും വാല്‍വ് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു.

പിന്നാലെ ദമ്ബതികള്‍ അവരുടെ ഗ്യാസ് കമ്ബനിയായ NW നാച്ചുറലുമായി ബന്ധപ്പെടുകയായിരുന്നു. അല്‍പ്പസമയത്തിനുള്ളില്‍ തന്നെ ഗ്യാസ് കമ്ബനി ജീവനക്കാരന്‍ എത്തി. ഗ്യാസ് ചോര്‍ച്ചയുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനെ തുട‍ര്‍ന്ന് വീടിന്റെ എല്ലാ വാതിലുകളും തുറക്കാനും മുറിയില്‍ നിന്ന് പുറത്തു പോകാനും ജീവനക്കാരന്‍ ആവശ്യപ്പെട്ടതായി സാന്‍ഡി പറഞ്ഞു. കൂടാതെ വീടിനുള്ള സെല്‍‌ഫോണുകളോ മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കരുതെന്നും കമ്ബനി നി‍ര്‍ദ്ദേശം നല്‍കിയതായി സാന്‍ഡി വെളിപ്പെടുത്തി. കമ്ബനി ജീവനക്കാരന്‍ വീട്ടിലേയ്ക്കുള്ള ചോര്‍ച്ചയുള്ള പൈപ്പ് ലൈന്‍ മുറിച്ച്‌ മാറ്റി അടച്ചു. വാതക ചോ‌ര്‍ച്ച ശ്രദ്ധയില്‍പ്പെടാതിരുന്നെങ്കില്‍ വലിയ സ്ഫോടനം ഉണ്ടാകുമായിരുന്നു.

ലില്ലി ആണ് തങ്ങളുടെ ജീവന്‍ രക്ഷിച്ചതെന്ന് വീട്ടുടമയായ സാന്‍ഡി പറയുന്നു. കൊറോണ മഹാമാരിക്ക് തൊട്ടുമുമ്ബ് ഷേര്‍വുഡിലെ ക്യാറ്റ് അഡോപ്ഷന്‍ ടീമില്‍ നിന്നാണ് സാന്‍ഡി ലില്ലിയെ ദത്തെടുത്തത്. ചില വൈകല്യങ്ങള്‍ ഉള്ള പ്രത്യേക പരിചരണം ആവശ്യമുള്ള പൂച്ചയാണ് ലില്ലി. മിക്ക പൂച്ചകള്‍ക്കും 18 വിരലുകള്‍ ഉള്ളപ്പോള്‍ ലില്ലിക്ക് 21 കാല്‍വിരലുകളാണ് ഉള്ളത്.

ഗ്യാസ് ചോര്‍ച്ചയ്‌ക്ക് പുറമേ, ലില്ലി തന്നെ മറ്റൊരു വിധത്തില്‍ രക്ഷിച്ചതായും സാന്‍ഡി മാര്‍ട്ടിന്‍ പറയുന്നു. കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്നുള്ള അനിശ്ചിതത്വത്തില്‍ നിന്ന് താന്‍ പുറത്തു കടക്കാന്‍ കാരണം ലില്ലിയാണെന്നാണ് ഉടമ പറയുന്നത്..

ക്യാറ്റ് ബോര്‍ഡില്‍ അംഗമാണ് സാന്‍ഡി. ആരോഗ്യ പ്രശ്നങ്ങളുള്ള നിരവധി പൂച്ചകളെ ഈ കുടുംബം വളര്‍ത്തിയിട്ടുണ്ട്. ദത്തെടുക്കാന്‍ തീരുമാനിക്കുന്നതിന് മുമ്ബ് തന്നെ ലില്ലി ഈ കുടുംബത്തിന്റെ സംരക്ഷണത്തിലായിരുന്നു.