ആലപ്പുഴ: കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മുസുരിസ് പൈതൃക പദ്ധതി, കയര്‍ബോര്‍ഡ്, കേരള ലളിതകലാ അക്കാദമി, ടൂറിസം വകുപ്പ്, ആലപ്പുഴ പൈതൃക പദ്ധതി, കരണ്‍ ഗ്രൂപ്പ് ഓഫ് കമ്ബനീസ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇന്റീരിയര്‍ ഡിസൈനേഴ്സ് കേരള, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിട്ടെക്‌ട്സ് കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 90 ദിവസത്തെ അന്താരാഷ്ട്ര ബിനാലെ മാര്‍ച്ച്‌ 10 മുതല്‍ ആലപ്പുഴയിലെ വിവിധ സ്ഥലങ്ങളിലും കൊച്ചിയിലുമായി സംഘടിപ്പിക്കുമെന്ന് ധന കയര്‍വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു.

ബിനാലെയുടെ സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ പട്ടണത്തെ പൈതൃക നഗരം എന്ന നിലയില്‍ ബ്രാന്‍ഡ് ചെയ്യുകയും അതുവഴി സാംസ്കാരികം,കല, ടൂറിസം തുടങ്ങിയ മേഖലകളില്‍ ഉണര്‍വ് സൃഷ്ടിക്കുകയുമാണ് പ്രധാനലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.ജില്ലയില്‍ എത്തുന്ന അഞ്ചു ലക്ഷത്തോളം വരുന്ന ടൂറിസ്റ്റുകളില്‍ പകുതിപേരെങ്കിലും ആലപ്പുഴയുടെ പൈതൃക, സാംസ്കാരിക സമ്ബത്ത് കാണാനായി ഇവിടെ ഒരു ദിവസം തങ്ങാനുള്ള സാഹചര്യം സൃഷ്ടിക്കും.

കനാല്‍ കരയിലുള്ള പാണ്ടികശാലകള്‍ പുനരുദ്ധരിച്ചു വരികയാണ്. പവര്‍ഹൗസ് പാലത്തിന് പടിഞ്ഞാറ് ഭാഗം ഏതാണ്ട് ഫോര്‍ട്ടുകൊച്ചിക്ക് സമാനമാവും. ജില്ലയില്‍ 24 മ്യൂസിയങ്ങള്‍ നിര്‍മിച്ചു വരികയാണ്. ഗുജറാത്തി സ്ട്രീറ്റ് ആറെണ്ണം നമുക്കുണ്ട്. ലോകമേ തറവാട് എന്ന തീം അടിസ്ഥാനപ്പെടുത്തിയാണ് ബിനാലെ സംഘടിപ്പിക്കുന്നത്. ക്യൂറേറ്ററായി ബോസ് കൃഷ്ണമാചാരി പ്രവര്‍ത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.

265 മലയാളികള്‍ വിവിധ രാജ്യങ്ങളിലായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രങ്ങളില്‍ തിരഞ്ഞെടുത്തവ ബിനാലെയിലെ കലാ പ്രദര്‍ശന വേദിയില്‍ ഒരുക്കും. നിര്‍മാണം പൂര്‍ത്തിയായ മ്യൂസിയങ്ങള്‍ വേദിയായി നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ ജില്ല പ‍ഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി.രാജേശ്വരി,വൈസ് പ്രസിഡന്റ് ദലീമജോജോ, നഗരസഭാ ചെയര്‍പേഴ്സണ്‍ സൗമ്യരാജ്, നഗരസഭ വൈസ് പ്രസിഡന്‍റ് പി.എസ്.എം.ഹൂസൈന്‍, ജില്ല പഞ്ചായത്ത് അംഗം റിയാസ് എന്നിവര്‍ സംസാരിച്ചു.

ബിനാലെയുടെ മുഖ്യ രക്ഷാധികാരികളായി ധനമന്ത്രി തോമസ് ഐസക്, സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന് എന്നിവര്‍ പ്രവര്‍ത്തിക്കും.

ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, നഗരസഭാ ചെയര്‍പേഴ്സണ്‍ സൗമ്യരാജ്, മുസിരിസ് പ്രൊജക്റ്റ് മാനേജിങ് ഡയറക്ടര്‍ പി എം നൗഷാദ്, ടി.കെ.ദേവകുമാര്‍, ആര്‍.നാസര്‍, ടി.ജെ.ആഞ്ചലോസ്, പി.പി.ചിത്തരജ്ഞന്‍ എന്നിവര്‍ രക്ഷാധികാരികളാണ്. എ.എം.ആരിഫ് എം.പി.ചെയര്‍മാന്‍, ദലീമജോജോ, പി.എസ്.എം.ഹൂസൈന്‍, ജഗദീശന്‍, സുബൈര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരാണ്. ജനറല്‍ കണ്‍വീനറായി ബോസ് കൃഷ്ണമാചാരി പ്രവര്‍ത്തിക്കും.