കോഴിക്കോട്; മദ്യപാനികള്‍ക്ക് ആരും വോട്ടു ചെയ്യരുതെന്ന ആഹ്വാനവുമായി പാളയം ജുമാ മസ്ജിദ് ഇമാം ഡോ. ഹുസൈന്‍ മടവൂര്‍. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മദ്യപാനികളെ സ്ഥാനാര്‍ത്ഥികളാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി കോഴിക്കോട് സിവില്‍ സ്റ്റേഷന്ന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യം നിരോധിക്കുമെന്നും മയക്കുമരുന്ന് വ്യാപനം തടയുമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വ്യക്തമാക്കണം.

ഭരണാധികാരികളും നിയമപാലകരും നാട്ടുകാരും ഒന്നിച്ച്‌ പ്രവര്‍ത്തിച്ചാല്‍ മാത്രമേ മദ്യവിമുക്ത ഭാരതം എന്ന മഹാത്മാഗാന്ധിയുടെ സ്വപ്നം പൂവണിയുകയുള്ളൂവെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു.