കൊച്ചി: താന്‍ തികഞ്ഞ സസ്യാഹാരിയാണെന്നും ആരും ഇറച്ചി കഴിക്കുന്നത് തനിക്കിഷ്ടമല്ലെന്നും ബി ജെ പി പ്രവേശനം പ്രഖ്യാപിച്ച മെട്രോമാന്‍ ഇ ശ്രീധരന്‍. ജനങ്ങള്‍ ബീഫ് കഴിക്കുന്നത് വിലക്കുന്ന ബി ജെ പി നിലപാടിനെ കുറിച്ച് എന്‍ ഡി ടി വി അഭിമുഖത്തില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘ബീഫ് കഴിക്കുന്നതിനെ ബി ജെ പി ഗുരുതര സംഭവമായാണ് കണക്കാക്കുന്നത്. കേരളത്തില്‍ ഹിന്ദുക്കളടക്കം സാധാരണ ബീഫ് കഴിക്കുന്നവരാണ്. ജനങ്ങള്‍ ബീഫ് കഴിക്കരുതെന്ന നയത്തെ താങ്കള്‍ പിന്തുണക്കുന്നുണ്ടോ’ എന്നായിരുന്നു ചോദ്യം.
അതിന് ‘വ്യക്തിപരമായി ഞാന്‍ വളരെ നിഷ്ഠ പുലര്‍ത്തുന്ന സസ്യാഹാരിയാണ്. മുട്ട പോലും കഴിക്കാറില്ല. ആരെങ്കിലും ഇറച്ചി കഴിക്കുന്നത് എനിക്ക് ഇഷ്ടവുമല്ല’ എന്നായിരുന്നു ശ്രീധരന്‍ മറുപടി നല്‍കിയത്. ലവ് ജിഹാദ്, ഗോവധ നിരോധനം തുടങ്ങിയ കാര്യങ്ങളില്‍ ബി ജെ പി നയം പൂര്‍ണമായും അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ബി ജെ പിയെ ഒരു സാമുദായിക പാര്‍ടിയായിട്ടല്ല, മറിച്ച് രാജ്യസ്നേഹികളുടെ പാര്‍ടിയായിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ബി ജെ പിയെ സാമുദായിക പാര്‍ടിയായി ചിത്രീകരിക്കാനുള്ള ശ്രമം രാജ്യത്ത് നടക്കുന്നുണ്ട്. ബി ജെ പി ഒരിക്കലും ഒരു വര്‍ഗീയ കക്ഷിയല്ല എന്നാണ് എന്റെ അഭിപ്രായം.
എന്നാല്‍ ബി ജെ പിക്കാരുമായി എനിക്ക് അടുത്ത ബന്ധമുള്ളതുകൊണ്ട് മാത്രം പറയുന്നതല്ല ഇത്. ഇത് രാജ്യസ്നേഹികളുടെ പാര്‍ടിയാണ്. എല്ലാ കക്ഷികളെയും സമുദായങ്ങളെയും ഒരുപോലെ ഉള്‍കൊള്ളുന്നവരാണ്. അതാണ് മോദി സര്‍ക്കാരിന്റെ നിലപാട്. അദ്ദേഹം സംസാരിക്കുന്ന രീതി നോക്കൂ, ഒരു മതത്തെയും ആക്രമിക്കുന്നത് ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. ബി ജെ പിക്കെതിരെ മതപരമായ പക്ഷപാതിത്വം ആരോപിക്കുന്നത് തികച്ചും അനീതിയാണ്’ എന്നും ശ്രീധരന്‍ പറഞ്ഞു.
ഇതുവരെ ജോലി സംബന്ധമായ തിരക്കുകളിലായിരുന്നുവെന്നും ഇപ്പോള്‍ ഉത്തരവാദിത്തങ്ങള്‍ എല്ലാം തീര്‍ന്നതിനാല്‍ സമൂഹത്തിന്, പ്രത്യേകിച്ച് കേരളത്തിന് എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നത് കൊണ്ടാണ് 88-ാമത്തെ വയസില്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘എല്‍ ഡി എഫും യു ഡി എഫും മാറിമാറി ഭരിച്ചിട്ടും കേരളത്തില്‍ വികസനമൊന്നും കൊണ്ടുവന്നിട്ടില്ല. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒരു വ്യവസായം പോലും കേരളത്തില്‍ വന്നിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവുമായി ഏറ്റുമുട്ടലിന്റെ പാതയാണ് എപ്പോഴും സ്വീകരിക്കുന്നത്. ഇത് കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ സഹകരണവും സഹായവും ലഭിക്കുമെന്ന പ്രതീക്ഷ ഇല്ലാതാക്കുന്നു.
കേരളത്തില്‍ ഒരു എം എല്‍ എ മാത്രമേയുള്ളൂ എന്നത് വസ്തുതയാണെങ്കിലും ബി ജെ പിയുടെ പ്രതിച്ഛായയും പ്രചാരണവും ഉയര്‍ത്തണമെന്നാണ് എന്റെ ആഗ്രഹം. കാരണം, ബി ജെ പിക്കാര്‍ക്ക് ഉയര്‍ന്ന നിലവാരമുണ്ട്. അതിലുള്ളവര്‍ സത്യസന്ധരാണ്. അവര്‍ കഠിനാധ്വാനികളാണ്. എല്ലാറ്റിനുമുപരിയായി രാജ്യസ്നേഹികളാണ്. അതാണ് എന്നെ ബി ജെ പിയിലേക്ക് ആകര്‍ഷിക്കുന്നത്.
പ്രധാനമന്ത്രി മോദിയുമായും മുന്‍ പ്രധാനമന്ത്രി വാജ്പേയിയുമായും അടുത്തബന്ധമുണ്ടായിരുന്നു. പരമ്ബരാഗതമായി രാഷ്ട്രീയക്കാര്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത് പോലെയല്ല താന്‍ ചെയ്യുകയെന്നും ശബ്ദകോലാഹലമില്ലാതെ ഓരോ വോടര്‍മാരുടെയും ഹൃദയത്തില്‍ എത്താനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.