ന്യൂഡല്‍ഹി: പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നോക്കിയാല്‍ മഹാരാഷ്‌ട്രയിലും കേരളത്തിലും മാത്രമല്ല മ‌റ്റ് മൂന്ന് സംസ്ഥാനങ്ങളിലും കഴിഞ്ഞ ആഴ്‌ചകളില്‍ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ ആഴ്‌ചയില്‍ കേരളം, മഹാരാഷ്‌ട്ര എന്നിവക്കൊപ്പം പഞ്ചാബ്, ഛത്തീസ്ഗ‌ഡ്,മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലും കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഇത് ഉത്കണ്‌ഠപ്പെടുത്തുന്നതാണ്.

മഹാരാഷ്‌ട്രയിലെതുപോലെ പഞ്ചാബിലും പെട്ടെന്നുള‌ള രോഗവര്‍ദ്ധന ഉണ്ടായിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് 383 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. മഹാരാഷ്‌ട്രയില്‍ ഒരാഴ്‌ചയ്‌ക്കിടെ രോഗികളായവരുടെ എണ്ണം വളരെ കൂടുതലാണ്. 24 മണിക്കൂറില്‍ 6112 പുതിയ കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്‌തത്. രോഗം ശക്തമായി തുടരുന്നതിനാല്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സംസ്ഥാനത്ത് പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

രാജ്യത്തെ ആകെ പോസി‌റ്റീവ് കേസുകളുടെ 1.30 ശതമാനമാണ് ആക്‌ടീവ് കേസ് ലോഡുകള്‍. 1,43,127 ആക്‌ടീവ് കേസ് ലോഡുകളാണ് രാജ്യത്തുള‌ളത്. കഴിഞ്ഞ ഏഴ് ദിവസമായി കേരളം തുടര്‍ച്ചയായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത് കൂടുതലാണ്. ഛത്തീസ്ഗഡില്‍ 24 മണിക്കൂറില്‍ 259 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗവര്‍ദ്ധനയുണ്ടായ സംസ്ഥാനങ്ങളില്‍ കൊവിഡ് പ്രോട്ടോകോള്‍ നടപ്പാക്കേണ്ടതിന്റെ പ്രധാന്യം കേന്ദ്രം വീണ്ടും ഓര്‍മ്മിപ്പിച്ചു.

കേരളത്തിലും മഹാരാഷ്‌ട്രയിലുമാണ് രാജ്യത്തെ 75.87 ശതമാനം കൊവിഡ് രോഗികളും. 18 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്‌തില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. തെലങ്കാന, ഹരിയാന, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്,ത്രിപുര,ആസാം,മണിപ്പൂര്‍,മേഘാലയ, ലഡാക്ക്, ജമ്മു കാശ്‌മീര്‍, ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ്, ദാദ്ര നാഗര്‍ ഹവേലി, ദാമന്‍ ആന്റ് ദിയു, ചണ്ഡീഗഡ് എന്നിവിടങ്ങളാണിവ