മുംബൈ: മാസ്‌കും ഹെല്‍മെറ്റുമില്ലാതെ ബൈക്ക് ഓടിച്ചതിന് നടന്‍ വിവേക് ഒബ്‌റോയിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. വാലന്റൈന്‍സ് ദിനത്തില്‍ ഭാര്യ പ്രിയങ്കയ്‌ക്കൊപ്പം യാത്ര ചെയ്യുമ്ബോഴായിരുന്നു സംഭവം. മാസ്‌കും ഹെല്‍മറ്റും ധരിക്കാതെയാണ് വിവേക് ഒബ്‌റോയ് ബൈക്ക് ഓടിച്ചത്.

ബൈക്ക് യാത്രയുടെ ദൃശ്യങ്ങള്‍ നടന്‍ തന്നെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പുതിയ ഹാര്‍ലി ഡേവിസണ്‍ ബൈകില്‍ ഭാര്യയെ പുറകില്‍ ഇരുത്തി സാഥിയ എന്ന ചിത്രത്തിലെ ഗാനത്തിന്റെ അകമ്ബടിയോടെയാണ് താരം വിഡിയോ പങ്കുവെച്ചത്. വിഡിയോയില്‍ വിവേക് ഒബ്‌റോയിയും ഭാര്യ പ്രിയങ്ക ആല്‍വയും ഹെല്‍മെറ്റും മാസ്‌കു ധരിച്ചിരുന്നില്ല. വീഡിയോയയ്ക്ക് സോഷ്യല്‍മീഡിയ വലിയ രീതിയില്‍ കയ്യടിച്ചിരുന്നു.

പെട്രോള്‍ പമ്പിലെത്തിയ അദ്ദേഹം ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതും വിഡിയോയില്‍ കാണാം. എന്നാല്‍ ഈ വിഡിയോ തന്നെയാണ് നടന് ഇപ്പോള്‍ വിനയായതും. അത് റിട്വീറ്റ് ചെയ്ത സാമൂഹ്യ പ്രവര്‍ത്തകന്‍, മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെയും മുംബൈ പൊലീസിനെയും ടാഗ് ചെയ്തു. നടനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ടാഗ് ചെയ്തത്. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്.

ഇത് തെളിവായി സ്വീകരിച്ചാണ് കോവിഡ് മാനദണ്ഡം ലംഘിച്ച്‌ മാസ്‌കില്ലാതെ യാത്ര ചെയ്തതിനും ഹെല്‍മറ്റില്ലാതെ ഇരുചക്ര വാഹനം ഓടിച്ചതിനും അദ്ദേഹത്തിന് മുംബൈ പൊലീസ് പിഴ നല്‍കിയത് എന്നാണ് റിപോര്‍ടുകള്‍.

ഐപിസി സെക്ഷനുകള്‍ക്ക് പുറമേ, മഹാരാഷ്ട്ര കോവിഡ് 19 മുന്‍കരുതല്‍ നടപടികള്‍, മോട്ടോര്‍ വാഹന നിയമം, തുടങ്ങിയ വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഇതുകൂടാതെ ഹെല്‍മെറ്റ് ധരിക്കാത്തതിന് 500 രൂപ പിഴയും ചുമത്തിയതായി പൊലീസ് അറിയിച്ചു. ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് വിവേക് ഒബ്‌റോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്ത് ഇറങ്ങിയതിന്റെ പേരിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നുമാണ് റിപോര്‍ട്ടുകള്‍.

മഹാരാഷ്ട്രയില്‍ കോവിഡ് 19 കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, മുംബൈ പൊലീസിന്റെ നടപടികളെക്കുറിച്ച്‌ വിവേക് ഒബ് റോയ് ഇതുവരെ പ്രതികരിച്ചിട്ടില്ല.