ഡല്‍ഹി: ഉത്തരക്കടലാസില്‍ എന്തെങ്കിലും എഴുതി നിറയ്ക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ഡയറക്ടറുടെ ഉപദേശം. ഡല്‍ഹി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷന്‍ (ഡിഒഇ) ഉദിത് റായ് ആണ് ഉപദേശം നല്‍കി കുടുങ്ങിയത്. ഉപദേശത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ രൂക്ഷ വിമര്‍ശനവുമായി ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തി.

സര്‍ക്കാര്‍ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കാണ് ഡിഒഇ പരീക്ഷയെഴുതാനുള്ള ‘എളുപ്പവഴി’ ഉപദേശിച്ചത്. ഉത്തരമറിയില്ലെങ്കില്‍ എന്തെങ്കിലും എഴുതിയാല്‍ മതിയെന്നും മാര്‍ക്കു കിട്ടുമെന്നും ഉദിത് റായ് പറഞ്ഞു. ഉത്തരമെഴുതേണ്ട സ്ഥലം ഒഴിച്ചിടരുത്.

ചോദ്യം അതുപോലെ കോപ്പിയടിച്ച്‌ എഴുതിയാലും മതി. ഉത്തരത്തിന്റെ സ്ഥാനത്ത് എന്തെങ്കിലും എഴുതിയാലും മാര്‍ക്കു നല്‍കുമെന്ന് അധ്യാപകര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഉദിത് റായ് അവകാശപ്പെട്ടു. സിബിഎസ്‌ഇ അധികൃതര്‍ക്ക് ഇതുസംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡിഒഇ വെളിപ്പെടുത്തി.

ഡല്‍ഹിയിലെ വിദ്യാഭ്യാസത്തിന്റെ നിലവാരമാണ് ഡിഒഇ പരസ്യമാക്കിയതെന്ന് ബിജെപി ഡല്‍ഹി മാധ്യമ വിഭാഗം തലവന്‍ നവീന്‍ കുമാര്‍ ആരോപിച്ചു. ഇതെന്തു വിദ്യാഭ്യാസ നയമാണെന്ന് ചോദിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം.