ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നതായി ആശങ്ക. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 14,509 കേസുകളാണ്. ഇരുപത്തിയേഴു ദിവസത്തിനിടയിലെ ഉയര്‍ന്ന നിരക്കാണിത്.

ജനുവരി 23നു ശേഷം പ്രതിദിന കേസുകള്‍ പതിനാലായിരം കടക്കുന്നത് ഇത് ആദ്യമാണ്. മഹാരാഷ്ട്രയില്‍ കോവിഡ് രണ്ടാം തരംഗം തുടങ്ങിയെന്ന സൂചനകള്‍ പ്രകടമാണ്. മധ്യപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍നിന്നും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ ഇന്നലെ 6112 പേരാണ് പോസിറ്റിവ് ആയത്. എണ്‍പത്തിനാലു ദിവസത്തിനിടയിലെ ഉയര്‍ന്ന നിരക്കാണിത്. മുംബൈയില്‍ മാത്രം 823 പേര്‍ പോസിറ്റിവ് ആയി. പൂനെയില്‍ 1005 പേരും നാഗ്പുരില്‍ 752 പേരും വൈറസ് ബാധിതരായി. പഞ്ചാബിലും മധ്യപ്രദേശിലും കേസുകള്‍ കൂടുന്നതായി സൂചനയുണ്ട്.