ഇടുക്കി: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം ആനക്കൊമ്പ്-ചന്ദനത്തടി വ്യാപാരം തകൃതി. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ ആനക്കൊമ്പുമായി മൂന്നംഗ സംഘത്തെ വനപാലകര്‍ പിടികൂടിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. ഇത്തരത്തില്‍ ലഭിക്കുന്ന പണത്തില്‍ അധികവും തീവ്രവാദം പോലുള്ള ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നുവെന്നാണ് ഇന്റലിജന്‍സ് വിഭാഗങ്ങളുടെ നിഗമനം. ആനക്കൊമ്പ്, ചന്ദനക്കടത്ത്, കള്ളനോട്ട്, കുഴല്‍പ്പണം, മയക്കുമരുന്ന് ഇടപാടുകളാണ് വര്‍ധിച്ചിരിക്കുന്നത്.

ആഴ്ചകളെടുത്താണ് ആനക്കൊമ്പ് സംഘത്തെ ആവശ്യക്കാരെന്ന വ്യാജേന എത്തി വനപാലകര്‍ക്ക് കുടുക്കാനായത്. വനംവകുപ്പ്, പോലീസ് വിഭാഗങ്ങളുടെ അന്വേഷണത്തില്‍ സംസ്ഥാനത്ത് ലോക്ഡൗണിന് ശേഷം ഇത്തരത്തിലുള്ള സംഘങ്ങള്‍ സജീവമായതായി വ്യക്തമാണ്. ഇടുക്കി കേന്ദ്രീകരിച്ച്‌ വലിയ സംഘം തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുമളി, അടിമാലി പോലുള്ള ഹൈറേഞ്ച് മേഖലയാണ് ഇതില്‍ അധികവും. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന മറ്റ് ജില്ലകളിലും ഇത്തരം പ്രവര്‍ത്തികള്‍ കൂടി വരികയാണ്.

ആനക്കൊമ്പിന് കിലോയ്ക്ക് 50,000-1,50,000 രൂപ വരെ വിലയുണ്ട്. ഇടുക്കി കേന്ദ്രീകരിച്ചാണ് ആനക്കൊമ്പിന്റെ പ്രധാന വില്‍പ്പന. ഇതിനായി ആനവേട്ട നടക്കുന്നതായി വിവരമുണ്ട്. ആനകൊമ്പിന് ആവശ്യക്കാര്‍ ഏറെയും തിരുവനന്തപുരം കേന്ദ്രീകരിച്ചാണ്. ഇത്തരത്തില്‍ ആനവേട്ടക്കാരോ തദ്ദേശവാസികളോ വില്‍ക്കുന്ന കൊമ്പുകള്‍ കൂടിയ വിലയ്ക്ക് അന്തര്‍ദേശീയ മാര്‍ക്കറ്റിലും മറ്റ് ആവശ്യക്കാര്‍ക്കും നല്‍കുകയാണ് പതിവ്.

22 കിലോയിലധികം തൂക്കവും 35 ലക്ഷം രൂപ വിപണി വിലയുള്ള ആനക്കൊമ്പുകളാണ് അടിമാലി ഇരുമ്പുപാലത്ത് നിന്ന് ബുധനാഴ്ച വനപാലക സംഘം പിടിച്ചെടുത്തത്. ഒരിടവേളക്ക് ശേഷം ചന്ദനക്കടത്തും വ്യാപകമാണ്. മോഹിപ്പിക്കുന്ന വിലയാണ് ഇതിനെല്ലാം കൊള്ള സംഘങ്ങള്‍ക്ക് പ്രചോദനമാകുന്നത്.