തൃശൂര്‍: ജില്ലയില്‍ കൊറോണ സമൂഹ വ്യാപനം അതിതീവ്രമായി തുടരുന്നു. നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള ജില്ല തൃശൂരാണ്. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഓരോദിനവും കുതിക്കുന്നതിനാല്‍ ജനങ്ങള്‍ ഭീതിയിലായി. ജില്ലയെ ആശങ്കയിലാഴ്ത്തി ക്രിട്ടിക്കല്‍ കണ്ടൈയ്‌മെന്റ് സോണുകളുടെ എണ്ണം പ്രതിദിനം വര്‍ദ്ധിക്കുകയാണ്. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള 35ഓളം പ്രദേശങ്ങളില്‍ തൃശൂര്‍ കോര്‍പറേഷനിലേയും വിവിധ നഗരസഭകളിലേയും പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നു. ഇതിനു പുറമെ 30 പഞ്ചായത്തുകളും നിയന്ത്രിത മേഖലയാണ്. ജില്ലയില്‍ നാലിടത്ത് ക്രിട്ടിക്കല്‍ കണ്ടൈയ്‌മെന്റ് സോണുകളും 150ഓളം പ്രദേശത്ത് കണ്ടൈയ്‌മെന്റ് സോണുകളും നിലവിലുണ്ട്.
കുന്നംകുളം, ഇരിങ്ങാലക്കുട നഗരസഭകളും നാട്ടിക, കൈപ്പമംഗലം ഗ്രാമപഞ്ചായത്തുകളും പൂര്‍ണമായും ക്രിട്ടിക്കല്‍ കണ്ടെയ്‌മെന്റ് സോണുകളാണ്. വടക്കാഞ്ചേരി നഗരസഭയിലെ 10 വാര്‍ഡുകളും ഗുരുവായൂര്‍ നഗരസഭയിലെ ഏഴു വാര്‍ഡുകളും ക്രിട്ടിക്കല്‍ കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. സമൂഹ വ്യാപനം രൂക്ഷമായതിനാല്‍ തൃക്കൂര്‍ പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരുകയാണ്. രോഗവ്യാപനം കുറയാത്തതിനാല്‍ മാസങ്ങളായി കണ്ടൈന്റ്‌മെന്റ് സോണായി തുടരുന്ന പ്രദേശങ്ങളും ജില്ലയിലുണ്ട്. കാട്ടൂര്‍ പഞ്ചായത്തിലെ ഒമ്ബതാം വാര്‍ഡ് ആഗ. 26 മുതല്‍ കണ്ടൈയ്‌മെന്റ് സോണാണ്. ഒരു ദിവസം 30 പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുന്ന പഞ്ചായത്തോ, നഗരസഭയോ ആണ് ക്രിട്ടിക്കല്‍ കണ്ടെയ്‌മെന്റ് സോണായി ജില്ലാഭരണകൂടം പ്രഖ്യാപിക്കുന്നത്. ജില്ലയിലെ സ്ഥിതി അതിഗുരുതരമാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ തുടര്‍ച്ചയായി രോഗികളുടെ എണ്ണം 1000ന് മുകളിലായതും രോഗവിമുക്തി നേടുന്നവരുടെ എണ്ണം വളരെ കുറവായതും ജില്ലയെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കോറോണ അതിതീവ്രമായി ജില്ലയില്‍ വ്യാപിച്ചുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജനങ്ങള്‍ ഏറെ പരിഭ്രാന്തരാണിപ്പോള്‍. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ജില്ലയില്‍ 5000 കൊറോണ രോഗികള്‍ വന്നതോടെ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങുന്നതും കൊറോണ പ്രോട്ടോകോള്‍ പാലിക്കാതെ കടകളില്‍ കച്ചവടം നടത്തുന്നതുമാണ് ജില്ലയില്‍ രോഗ വ്യാപന തോത് വര്‍ധിപ്പിക്കാനിടയാക്കിയതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ജില്ലയില്‍ ഇന്നലെ കൊറോണ സ്ഥിരീകരിച്ച 730 കേസുകളില്‍ 637 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഉറവിടമറിയാത്ത രോഗികളുടെ എണ്ണവും ജില്ലയില്‍ ദിനപ്രതി വര്‍ദ്ധിച്ചു.

വിയ്യൂര്‍ ജയിലില്‍ 17 തടവുകാര്‍ക്ക് കൂടി കൊറോണ

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ 17 തടവുകാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കഴിഞ്ഞ നാലു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 151 ആയി. ജയില്‍ ജീവനക്കാരും തടവുകാരുമടക്കം 100ഓളം പേരെയാണ് ഇന്നലെ പരിശോധിച്ചത്. ഇവരില്‍ 17 തടവുകാരും ഒരു ജീവനക്കാരനും പോസിറ്റീവായി. മൊത്തം 138 തടവുകാര്‍ക്കും 13 ജീവനക്കാര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. മാവോവാദി നേതാവ് രൂപേഷ് ഉള്‍പ്പെടെയുള്ള തടവുകാര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് ജയിലില്‍ ആദ്യം കൊറോണ സ്ഥിരീകരിച്ചത്.

തുടര്‍ന്ന് നടത്തിയ പരിശോധയനില്‍ തടവുകാര്‍ക്ക് പുറമേ ജയില്‍ ജീവനക്കാരടക്കം കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തുകയായിരുന്നു. വിയ്യൂരില്‍ കൊറോണ സ്ഥിരീകരിക്കുന്നവരെ ചികിത്സിക്കാന്‍ ജയിലില്‍ പ്രത്യേക ഐസോലേഷന്‍ വാര്‍ഡ് തുറന്നിട്ടുണ്ട്. തടവുകാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷന്‍ ഹോം എന്ന പേരില്‍ ക്ലസ്റ്റര്‍ രൂപീകരിച്ചിരുന്നു. ഇന്നലത്തോടെ ജയിലിലെ കൊറോണ പരിശോധന പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.