തിരുവനന്തപുരം: മനസാക്ഷിയുണ്ടെങ്കില്‍ പിണറായി വിജയന്‍ പെട്രോളിന്​ 10 രൂപ കുറക്കണമെന്ന്​ ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പെട്രോളിനേയും ഡീസലിനേയും ജി.എസ്​.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളം അനുകൂലിക്കുമോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

വരും കൂടുതല്‍ പേര്‍ ബി.ജെ.പിയില്‍ ചേരും. പി.സി തോമസ്​ ഉള്‍പ്പടെയുള്ളവര്‍ ബി.ജെ.പി വിജയ്​ യാത്രയുടെ ഭാഗമാവുമെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു. ഭരണത്തിന്‍റെ അവസാനനാളുകളില്‍ പരമാവധി അഴിമതി നടത്തുകയാണ്​ എല്‍.ഡി.എഫ്​ സര്‍ക്കാറിന്‍റെ ലക്ഷ്യം. യു.ഡി.എഫിന്​ അഴിമതിയെ കുറിച്ച്‌​ സംസാരിക്കാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത്​ ഇന്നും പെട്രോള്‍-ഡീസല്‍ വില ഉയര്‍ന്നിരുന്നു. പെട്രോളിനും ഡീസലിനും 39 പൈസയാണ്​ കൂട്ടിയത്​.പെട്രോള്‍ വില 90 കടന്ന്​ കുതിച്ചതോടെ വലിയ പ്രതിഷേധമാണ്​ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറിനെതിരെ ഉയര്‍ന്നത്​. മുമ്ബ്​ യു.പി.എ ഭരണകാലത്ത്​ പെട്രോള്‍ വില വര്‍ധനവിനെതിരെ സമരം നടത്തിയ സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന്‍റെ നിലപാടിനെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു.