കൊല്ലം: കേരള കോണ്‍ഗ്രസ് ബി എം എല്‍ എ കെ ബി ഗണേശ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബന്ധുവും കോണ്‍ഗ്രസ് നേതാവുമായ ശരണ്യ മനോജ്. ഗണേശ് കുമാര്‍ ആരോടും ആത്മാര്‍ത്ഥതയില്ലാത്തയാളാണെന്നാണ് ശരണ്യ മനോജിന്റെ വിമര്‍ശനം. ഗണേഷ്‌കുമാര്‍ എം എല്‍ എ ആയതുമുതലുളള സംഭവവികാസങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞാണ് മനോജ് രംഗത്തെത്തിയിരിക്കുന്നത്.

ഉമ്മന്‍ ചാണ്ടിയുടെ നിര്‍ലോഭമായ സഹായം കൊണ്ടാണ് പത്തനാപുരത്ത് വികസനം കൊണ്ടുവരാന്‍ പറ്റിയത്. പത്തനാപുരം ടൗണില്‍ കെട്ടിടങ്ങള്‍ ഉണ്ടാക്കി എന്നല്ലാതെ എന്ത് വികസനപ്രവര്‍ത്തനമാണ് ഈ എം എല്‍ എ നടത്തിയിട്ടുളളതെന്ന് പറയണമെന്നും ശരണ്യ മനോജ് പറയുന്നു.

ഗണേശ് കുമാര്‍ എം എല്‍ എയായി തുടര്‍ന്ന കഴിഞ്ഞ ഇരുപത് വര്‍ഷത്തില്‍ യു ഡി എഫിനൊപ്പം നിന്ന 15 വര്‍ഷം മാത്രമാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചത്. എന്നിട്ട് അദ്ദേഹം ഇടതുപക്ഷ പാളയത്തില്‍ പോയി. ആരോടും ആത്മാര്‍ത്ഥതയില്ലാത്ത, സ്വന്തം മക്കളോട് ആത്മാര്‍ത്ഥതയില്ലാത്ത, സ്വന്തം ഭാര്യയോട് ആത്മാര്‍ത്ഥതയില്ലാത്ത, സ്വന്തം പിതാവിനെ മന്ത്രിയായതിന്റെ പിറ്റേന്ന് തളളിപറഞ്ഞയാളാണ് ഗണേഷ് കുമാറെന്ന് ശരണ്യ മനോജ് ആരോപിച്ചു.