കണ്ണൂര്‍: സംസ്ഥാനത്തെ പ്രൈമറി സ്‌കൂളുകളില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് യോഗ്യതയില്ലാത്തവരെ പ്രധാനാദ്ധ്യാപകരായി നിയമിക്കുന്നതിനായി 16ന് ഇറക്കിയ ഡി.ജി.ഇയുടെ സര്‍ക്കുലര്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. കഴിഞ്ഞ മാസം തിരക്ക് പിടിച്ച്‌ നടത്തിയ നിയമ ഭേദഗതിയും നേരത്തെ കോടതി തടഞ്ഞിരുന്നു. നിര്‍ദിഷ്ട യോഗ്യത ഇല്ലാത്തവരെ നിയമിക്കരുതെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി നിലനില്‍ക്കേ അയോഗ്യരെ പ്രതിഷ്ഠിക്കാനുള്ള ഭരണപക്ഷ സംഘടനാ നേതാക്കളുടെ ശ്രമമാണ് പരാജയപ്പെട്ടത്.

നിലവില്‍ യോഗ്യത നേടാത്ത ചില അദ്ധ്യാപകരുടെ പരാതിയില്‍ സുപ്രീം കോടതിയില്‍ നിന്ന് തല്‍സ്ഥിതി തുടരാനുള്ള നിര്‍ദേശം നിലനില്‍ക്കെയാണ് വരുന്ന മാസങ്ങളില്‍ വിരമിക്കുന്ന ചില ഇടത് നേതാക്കളായ അദ്ധ്യാപകരെ സഹായിക്കാനായി തിരക്കിട്ട നീക്കങ്ങള്‍ നടത്തിയത്. യോഗ്യതാ പരീക്ഷ ജയിച്ച നിരവധി അദ്ധ്യാപകര്‍ ഉണ്ടെന്നിരിക്കെയാണ് ഈ ശ്രമം.
അയോഗ്യരെ പ്രതിഷ്ഠിക്കാനുള്ള ദുര്‍വാശി മൂലം ടെസ്റ്റ് യോഗ്യതയുള്ള ഒരു പറ്റം അദ്ധ്യാപകര്‍ അര്‍ഹതപ്പെട്ട പ്രമോഷന്‍ ലഭിക്കാതെ മാര്‍ച്ചില്‍ വിരമിക്കും. യോഗ്യതയില്ലാത്ത സംഘടനാ നേതാക്കളെ തിരുകിക്കയറ്റാന്‍ വേണ്ടി നിയമ വിരുദ്ധമായ ഇത്തരം നടപടികളുടെ ബലിയാടുകളാവേണ്ടി വരുന്നത് നിയമം നിഷ്‌കര്‍ഷിക്കുന്ന എല്ലാ യോഗ്യതകളും നേടിയ ആയിരക്കണക്കിന് അദ്ധ്യാപകരാണ്. നിലവില്‍ ആയിരത്തോളം ഗവ. പ്രൈമറി സ്‌കൂളുകളില്‍ കഴിഞ്ഞ ഒരു വര്‍ഷമായി പ്രധാനാദ്ധ്യാപകരെ നിയമിച്ചിട്ടില്ല. 2020 ജനുവരി 27ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ടെസ്റ്റ് യോഗ്യരായവരെ മാത്രമേ പ്രധാനാദ്ധ്യാപകരായി നിയമിക്കാവൂ എന്ന വിധി പ്രഖ്യാപിച്ചിട്ടും വകുപ്പുതല പരീക്ഷാ യോഗ്യതയില്ലാത്ത ഇടതു നേതാക്കള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒത്തു കളിക്കുകയായിരുന്നു എന്നാണ് ആക്ഷേപം. 2020 ജനുവരിയിലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ലാത്തതിനാല്‍ വകുപ്പുതല പരീക്ഷാ യോഗ്യതയുള്ളവരെ പ്രധാനാദ്ധ്യാപകരായി നിയമിക്കുന്നതിന് ഇപ്പോഴും യാതൊരു നിയമ തടസവുമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ അതിന് തയ്യാറാകണമെന്നും പ്രൈമറി വിദ്യാലയങ്ങളെ നാഥനില്ലാ കളരിയായി തുടരാന്‍ അനുവദിക്കരുതെന്നും കേരളാ ടെസ്റ്റ് ക്വാളിഫൈഡ് പ്രൈമറി ടീച്ചേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.എന്‍ ആനന്ദ് നാറാത്ത് ആവശ്യപ്പെട്ടു.