ഇക്കഴിഞ്ഞ താരലേലത്തില്‍ അപ്രതീക്ഷിതമായി വന്‍ തുകയ്ക്ക് രാജസ്ഥാന്‍ സ്വന്തമാക്കിയ താരമാണ് ക്രിസ് മോറിസ്. 16.25 കോടിക്കാണ് രാജസ്ഥാന്‍ 75 ലക്ഷം അടിസ്ഥാനവിലയുണ്ടായിരുന്ന താരത്തെ സ്വന്തമാക്കിയത്. ഐ പി എല്‍ ചരിത്രത്തില്‍ തന്നെ ഒരു താരത്തിന് കിട്ടുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്. ഇത് ഏവരേയും അത്ഭുതപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ എന്താണ് മോറിസിന് ടീമില്‍ ചെയ്യാനുള്ള റോള്‍ എന്നതിനെക്കുറിച്ച്‌ തുറന്ന് പറഞ്ഞ് രം​ഗത്തിറങ്ങിയിരിക്കുകയാണ് രാജസ്ഥാന്റെ ഡയറക്ടറായ കുമാര്‍ സം​ഗാക്കാര.

മോറിസിന് ചില പ്രത്യേകറോളുകള്‍ ടീമില്‍ ചെയ്യാനുണ്ട്. അതില്‍ പ്രധാനം ജോഫ്ര ആര്‍ച്ചര്‍ക്ക് നല്ലൊരു പിന്തുണ തന്റെ ബോളിങ്ങിലൂടെ നല്‍കുക എന്നതാണ്. മോറിസിന്റെ കളിക്കണക്കുകള്‍ ഏറെ മികച്ചതാണ്. കളിയ്ക്ക് നല്‍കുന്ന ഇംപാക്ടുകളില്‍ മോറിസിന്റെ പന്ത് പ്രധാനമാണ്. ഇതിനൊപ്പം ഡെത്ത് ഓവറുകള്‍ എറിയുന്നതില്‍ ഒന്നാമനുമാണ്. സം​ഗക്കാര പറയുന്നു.

ഇതിനൊപ്പം ആന്‍ഢ്രു ടൈ, മുസ്താഫിസുര്‍ റഹ്മാന്‍ എന്നിവരുള്ളതും ഞങ്ങളുടെ ബോളിങ് നിരയെ ഏറെ മികച്ചതാക്കും. ശരിയാണ് അവനെ ഞങ്ങള്‌ ഇതിലും കുറഞ്ഞ തുകയില്‍ കിട്ടുമോ എന്ന് നോക്കിയിരുന്നു. പക്ഷേ, അപ്പോഴേക്കും മുംബൈയും പഞ്ചാബും മോറിസിനു വേണ്ടി മുന്നോട്ടു വന്നു. അതു കൊണ്ടാണ് ലേലം വിളിയില്‍ ഇത്രയും വലിയ തുകയ്ക്ക് ഞങ്ങള്‍ക്ക് മോറിസിനെ എടുക്കേണ്ടി വന്നത്. മധ്യഓവറുകളിലും തുടക്കത്തിലും മോറിസിന്റെ ബോളിങ് ഞങ്ങള്‍ക്ക് ഉപകാരപ്പെടും. ഇതിനൊപ്പം മോറിസിന്റെ ബാറ്റിങ് മികവുകള്‍ ടീമിനെ സംബന്ധിച്ചിടത്തോളം ഒരു ബോണസാണ്. സം​​ഗക്കാര പറയുന്നു.