തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയില്‍ ദേശീയ നേതൃനിരയിലെ പ്രമുഖരെല്ലാം പങ്കെടുക്കും. പരമാവധി നേതാക്കളും കേന്ദ്രമന്ത്രിമാരും തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉള്‍പ്പെടെ ഒരു ഡസനിലധികം പ്രമുഖര്‍ വിജയയാത്രയില്‍ പങ്കെടുക്കുമെന്നും സാമൂഹ്യ ജീവിതത്തിലെ വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ പ്രമുഖര്‍ ഉടന്‍ ബി.ജെ.പിയില്‍ അംഗത്വമെടുക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ജോ‌ര്‍ജ്ജ് കുര്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

21ന് വൈകിട്ട് 4 ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാസര്‍കോട്ട് യാത്ര ഉദ്ഘാടനം ചെയ്യും. ഇതുള്‍പ്പെടെ 14 ജില്ലാ കേന്ദ്രങ്ങളില്‍ മഹാറാലികളും 80 വലിയ പൊതുസമ്മേളനങ്ങളും നടത്തും. മുന്‍ കരസേനാ മേധാവിയും കേന്ദ്രമന്ത്രിയുമായ വി.കെ. സിംഗ് 22 ന് കണ്ണൂരിലും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് 24ന് കോഴിക്കോട്ടും ബി.ജെ.പി വക്താവും ബിഹാര്‍ മന്ത്രിയുമായ ഷാനവാസ് ഹുസൈന്‍ 25ന് മലപ്പുറത്തും നടിയും ബി.ജെ.പി വക്താവുമായ ഖുഷ്ബു സുന്ദര്‍ 26ന് പാലക്കാടും കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി 27ന് തൃശൂരിലും കേന്ദ്രധനമന്ത്രി നിര്‍മ്മലാസീതാരാമന്‍ 28ന് കൊച്ചിയിലും മഹാറാലികളില്‍ പങ്കെടുക്കും.

മാര്‍ച്ച്‌ രണ്ടിന് കോട്ടയത്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി, 3ന് ആലപ്പുഴയില്‍ യുവമോര്‍ച്ച പ്രസിഡന്റ് തേജസ്വി സൂര്യ എം.പി, 4ന് പത്തനംതിട്ടയില്‍ മീനാക്ഷി ലേഖി എം.പി, 5ന് കൊല്ലത്ത് തമിഴ്നാട്ടില്‍ ഈയിടെ ബി.ജെ.പിയില്‍ ചേര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അണ്ണാമലൈ എന്നിവരാണ് യാത്രയില്‍ പങ്കെടുക്കുന്ന പ്രമുഖര്‍.

അഴിമതി വിമുക്ത കേരളം, പ്രീണന വിരുദ്ധ രാഷ്ട്രീയം, കേരളത്തിന്റെ സമഗ്രവികസനം എന്നിവയാണ് യാത്രയുടെ മുദ്രാവാക്യം. എല്‍.ഡി.എഫും യു.ഡി.എഫും സ്വന്തം പാര്‍ട്ടിക്കാരെ താത്കാലികക്കാരായി സര്‍ക്കാര്‍ ജോലികളില്‍ തിരുകിക്കയറ്രിയിട്ടുണ്ടെന്നും ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു.