തൃശൂര്‍: ഗുണ്ടാസംഘത്തെ അമര്‍ച്ച ചെയ്യുന്നതിനായി പോലീസ് നടത്തുന്ന ഓപ്പറേഷന്‍ റേഞ്ചര്‍ പദ്ധതി ഊര്‍ജ്ജിതമാക്കി. പോലീസ് സംഘം ഇന്നലെ നടത്തിയ റെയ്ഡില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നായി 135 പേരെ പിടികൂടി. തൃശൂര്‍ ജില്ലയില്‍ നിന്ന് മാത്രം 49 പിടികിട്ടാപുള്ളികളെ അറസ്റ്റ് ചെയ്തു. വധശ്രമക്കേസില്‍ ഒളിവിലായിരുന്ന ചേലക്കര സ്വദേശി സനൂഷ്, പോലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസം വരുത്തിയ കേസിലെ പ്രതി വടക്കാഞ്ചേരി സ്വദേശി അനില്‍കുമാര്‍, വീട് കയറി അക്രമിച്ച കേസിലെ പ്രതി മണ്ണുത്തി സ്വദേശി ഹബീബ് എന്നിവരും ഇവരില്‍ ഉള്‍പ്പെടും.

തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നായി 23 പേരെ പുതിയതായി റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. കുറ്റവാളികള്‍ക്കെതിരെ ഗുണ്ടാനിയമപ്രകാരം നടപടി സ്വീകരിക്കുന്നതിന്റെ മുന്നോടിയായി സിആര്‍പിസി 107ാം വകുപ്പനുസരിച്ച്‌ 23 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഓപ്പറേഷന്‍ റേഞ്ചര്‍ പദ്ധതി പ്രകാരം കുപ്രസിദ്ധ കുറ്റവാളികളെ ജില്ലകളില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് സഹിതമുള്ള നടപടികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും സമീപ ദിവസങ്ങളില്‍ കൂടുതല്‍ ക്രിമിനലുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും തൃശൂര്‍ റേഞ്ച് ഡിഐജി എസ്.സുരേന്ദ്രന്‍ അറിയിച്ചു.