തിരുവനന്തപുരം: പിഎസ്‌സി ലിസ്റ്റിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് എൽജിഎസ് റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരം 24-ാം ദിവസത്തിലെത്തുമ്പോഴും തിരിഞ്ഞുനോക്കാതെ സംസ്ഥാന സർക്കാർ. സർക്കാർ ചർച്ചക്ക് വിളിക്കണമെന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടു. തൊഴിൽ ലഭിക്കാത്തവരോട് മാപ്പുപറയണമെന്ന് ഉമ്മൻചാണ്ടിയും സ്റ്റാലിനെപ്പോലും നാണിപ്പിക്കും വിധമാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നതെന്ന് ശോഭാ സുരേന്ദ്രനും പ്രതികരിച്ചു.

ഡിവൈഎഫ്‌ഐ നേതാക്കൾ രണ്ടാമത് നടത്തിയ അനുരഞ്ജന ചർച്ചയും പരാജയപ്പെട്ടതോടെയാണ് സർക്കാർ നേരിട്ട് ചർച്ചക്കായി വിളിക്കണമെന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടത്. മന്ത്രി ഇ.പി ജയരാജൻ ചർച്ചക്ക് തയാറെന്ന് പറഞ്ഞപ്പോൾ പ്രൈവറ്റ് സെക്രട്ടറിയെ ബന്ധപ്പെട്ടിട്ടും പ്രതികരണം ഉണ്ടായില്ലെന്നും ഉദ്യോഗാർഥികൾ ആരോപിച്ചു. സിപിഒ റാങ്ക് ലിസ്റ്റ് ലിസ്റ്റിലുള്ളവരുടെ സമരവും തുടരുകയാണ്.

സർക്കാർ അവഗണന തുടർന്നതോടെ എൽജിഎസ് ഉദ്യോഗാർത്ഥികൾ ഉപവാസ സമരം ആരംഭിച്ചു. സെക്രട്ടറിയേറ്റിന് മുന്നിൽ തല മുണ്ഡനം ചെയ്ത് ദേശീയ ഗെയിംസ് ജേതാക്കളും ജോലിക്കായി സമരം ശക്തമാക്കി. കിടപ്പുസമരവും മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയുമെല്ലാം ഉദ്യോഗാർത്ഥികൾ ജോലിക്കായി അപേക്ഷിച്ചിട്ടും താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്ന നിലപാടാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസവും ആവർത്തിച്ചത്.