കൊൽക്കത്ത : പശ്ചിമ ബംഗാളിൽ അധികാരത്തിലേറിയാൽ സത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന് ഉറപ്പു നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്തെ വിവിധ മേഖലകളിൽ സ്ത്രീകൾക്ക് കൂടുതൽ സംവരണം ഏർപ്പെടുത്തുമെന്ന് അമിത് ഷാ പറഞ്ഞു. സൗത്ത് പർഗനാസിൽ അഞ്ചാമത് പരിവർത്തൻ യാത്രയ്ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി അധികാരത്തിലേറിയാൽ സംസ്ഥാനത്തെ സ്ത്രീകളുടെ നിലവിലെ അവസ്ഥയിൽ വലിയ മാറ്റം കൊണ്ടുവരുമെന്ന് ഉറപ്പുതരുന്നു. സംസ്ഥാനത്തെ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തും. മമത സർക്കാരിനെ താഴെയിറക്കുക എന്നത് മാത്രമല്ല ബിജെപിയുടെ ലക്ഷ്യം. സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങളിൽ വലിയ മാറ്റം കൊണ്ടുവരുക കൂടിയാണെന്നും അമിത് ഷാ പറഞ്ഞു.

ബംഗാളിനെ ‘സോനാർ ബംഗ്ല’ ആക്കുന്നതിനു വേണ്ടിയാണ് ബിജെപിയുടെ പോരാട്ടം. ബിജെപി പ്രവർത്തകരും, തൃണമൂൽ സിൻഡിക്കേറ്റുകളുമായുള്ള യുദ്ധമാണ് ബംഗാളിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് കേവലം അധികാരമാറ്റം മാത്രമല്ല. ഗംഗാസാഗരത്തിന് അന്തസ്സ് തിരികെ നൽകുന്നത് കൂടിയാണ്. മമതാ ബാനർജിയുടെ നേതൃത്വത്തിലുളള സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ബംഗാളിൽ ക്രമസമാധാനം ഉണ്ടോ?. ബംഗാൾ പുരോഗതിയുടെ പാതയിലേക്കാണോ സഞ്ചരിക്കുന്നതെന്നും അമിത് ഷാ ചോദിച്ചു.