മലപ്പുറം: സംശയകരമായ സാഹചര്യത്തിൽ യുപി പോലീസ് അറസ്റ്റ് ചെയ്തിരുന്ന മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ മലപ്പുറത്തെത്തി. വേങ്ങരയിലെ വീട്ടിലേക്കാണ് സിദ്ദിഖ് കാപ്പൻ എത്തിയത്. ഉമ്മയെ കാണാൻ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന്റെ അടിസ്ഥാനത്തിലാണ് സിദ്ദിഖ് കാപ്പന് നാട്ടിലെത്താൻ കഴിഞ്ഞത്. അമ്മയെ അല്ലാതെ മറ്റാരെയും കാണരുതെന്ന കർശന നിർദേശത്തോടെയാണ് കോടതി സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്. യുപി പോലീസിന്റെ കനത്ത സുരക്ഷയിലാണ് സിദ്ദിഖ് കാപ്പൻ വേങ്ങരയിലെത്തിയത്.

മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയോ പൊതുജനങ്ങളെ കാണാനോ പാടില്ലെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ബന്ധുക്കളെയും അമ്മയുടെ രോഗവുമായി ബന്ധപ്പെട്ട് ഡോക്ടർമാരെയും കാണാൻ മാത്രമാണ് അനുമതി.

ഹത്രാസ് കേസുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തിയാണ് യു.പി പോലിസ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം ഹത്രാസിലേക്ക് പോകുന്ന വഴിയായിരുന്നു ഇവർ പിടിയിലായത്. സംശയകരമായ സാഹചര്യത്തിൽ ലഘുലേഘകൾ ഉൾപ്പെടെ ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു.

സംസ്ഥാനത്ത് സാമുദായിക സൗഹാർദ്ദം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ എത്തിയതെന്നും യുപി പോലീസിന് തെളിവുകൾ ലഭിച്ചിരുന്നു. സിദ്ദിഖ് കാപ്പനു പുറമെ, അതിക് റഹ്മാൻ, മസൂദ് അഹമ്മദ്, ആലം എന്നിവരെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്.