ചെന്നൈ: 2021ലെ ഐപിഎൽ മത്സരങ്ങൾക്കുള്ള താര ലേലം പുരോഗമിക്കുന്നു. പ്രമുഖ താരങ്ങൾക്കായി ടീമുകൾ മത്സരിക്കുന്നതിനിടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമായി ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ ക്രിസ് മോറിസ് മാറി. 16.25 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസാണ് മോറിസിനെ സ്വന്തമാക്കിയത്.

ആദ്യഘട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യൻസുമാണ് ക്രിസ് മോറിസിന് വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നത്. എന്നാൽ രാജസ്ഥാൻ റോയൽസും കിംഗ്‌സ് ഇലവൻ പഞ്ചാബും തമ്മിലായി പിന്നീടുള്ള മത്സരം. അവസാനം ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടിയ തുകയ്ക്ക് രാജസ്ഥാൻ ക്രിസ് മോറിസിനെ സ്വന്തമാക്കുകയായിരുന്നു.

ഓസീസ് വെടിക്കെട്ട് ബാറ്റ്‌സ്മാൻ ഗ്ലെൻ മാക്‌സ്‌വെല്ലിനെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്വന്തമാക്കി. 14.25 കോടി രൂപയ്ക്കാണ് മാക്‌സ്‌വെല്ലിനെ കോഹ്‌ലിപ്പട ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണിൽ നിറം മങ്ങിയതോടെ പഞ്ചാബ് മാക്‌സ്‌വെല്ലിനെ റിലീസ് ചെയ്യുകയായിരുന്നു. 13 കളികളിൽ നിന്നും 108 റൺസ് മാത്രമാണ് കഴിഞ്ഞ സീസണിൽ മാക്‌സ്‌വെല്ലിന് നേടാനായത്.

ഇംഗ്ലണ്ട് ഓൾ റൗണ്ടർ മൊയീൻ അലിയെ ചെന്നൈ സൂപ്പർ കിംഗ്‌സും(7 കോടി) ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ ഡൽഹി ക്യാപിറ്റൽസും(2.2 കോടി) സ്വന്തമാക്കി. ആകെ 294 താരങ്ങളാണ് ലേലത്തിലുള്ളത്. ഇവരിൽ 164 പേർ ഇന്ത്യക്കാരും 124 പേർ വിദേശ താരങ്ങളുമാണ്. മലയാളി താരം സച്ചിൻ ബേബിയെ ആർസിബി സ്വന്തമാക്കി.