ന്യൂഡല്‍ഹി: ബസന്ത് പഞ്ചമി ദിനം ഇന്ത്യന്‍-അമേരിക്കന്‍ സൈനികര്‍ ഒരുമിച്ച് നൃത്തം ചെയ്ത് ആഘോഷിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നു. 1-2 സ്‌ട്രൈക്കര്‍ ബ്രിഗേഡ് കോംമ്പാറ്റ് ടീം എന്ന ഗോസ്റ്റ് ബ്രിഗേഡിലെ അമേരിക്കന്‍ സൈനികരും ഇന്ത്യന്‍ സേനയുടെ ജമ്മു കശ്മീര്‍ റൈഫിള്‍സിലെ 11ാം ബറ്റാലിയനിലെ സൈനികരും ഉത്സവം ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഷരി മന്‍ ആലപിച്ച 3 പെഗ് എന്ന പ്രശസ്തമായ പഞ്ചാബി ഗാനത്തിനാണ് സൈനികര്‍ ചുവട് വയ്ക്കുന്നത്.
ഗോസ്റ്റ് കോംമ്പാറ്റ് ടീമിന്റെ ട്വിറ്റര്‍ പേജിലാണ് ഇതിന്റെ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. ഇതോടൊപ്പം ആശംസയും അവര്‍ അറിയിച്ചിട്ടുണ്ട്. ‘ഞങ്ങളുടെ ഇന്ത്യന്‍ സുഹൃത്തുക്കള്‍ക്കും പങ്കാളികള്‍ക്കും ബസന്ത് പഞ്ചമി ആശംസകള്‍. സംയുക്ത സൈനിക അഭ്യാസത്തിനിടയിൽ മനോഹരമായ ഈ ആഘോഷത്തിന് ഞങ്ങളെ ക്ഷണിച്ചതിന് ആതിഥേയരായ ജമ്മു കശ്മീര്‍ റൈഫിള്‍സിലെ 11ാം ബറ്റാലിയനിലെ ഇന്ത്യന്‍ സൈനികര്‍ക്ക് നന്ദി അറിയിക്കുന്നു’വെന്നും ക്യാപ്റ്റന്‍ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യന്‍ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് കൊണ്ടാണ് അമേരിക്കന്‍ സൈനികരും ചടങ്ങില്‍ പങ്കെടുക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആയിരക്കണക്കിന് ആളുകളാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു ലക്ഷത്തിലധികം കാഴ്ചക്കാരേയും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. 38 സെക്കന്റ് ദൈര്‍ഘ്യമാണ് വീഡിയോക്കുള്ളത്.