മോഹന്‍ലാലിന്റെ മകള്‍ വിസ്മയ എഴുതിയ ​ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പുസ്തകം പരിചയപ്പെടുത്തിയും ആശംസകള്‍ നേര്‍ന്നും ദുല്‍ഖര്‍ സല്‍മാനും. വിസ്മയയുടെ ഒന്നാം പിറന്നാളുമായി ബന്ധപ്പെട്ട രസകരമായൊരു കഥ പങ്കുവെച്ചുകൊണ്ടാണ് ദുല്‍ഖറിന്റെ ആശംസ. പുസ്തകത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനത്തിലാണ് പുസ്തകം പുറത്തിറങ്ങിയത്. നിരവധി പേരാണ് താര പുത്രിക്ക് ഇതിനകം ആശംസ നേര്‍ന്നത്. പെന്‍ഗ്വിന്‍ ബുക്ക്സാണ് വിസ്മയയുടെ പുസ്തകം പ്രകാശനം ചെയ്തത്. വിസ്മയ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്തുളളതാണ് പുസ്തകം.

ദുല്‍ഖറിന്റെ കുറിപ്പ് ഇങ്ങനെ;

എന്റെ പഴയ മനോഹരമായ ഓര്‍മകളില്‍ മായയെ കുറിച്ചോര്‍ക്കുമ്ബോള്‍ ആദ്യം ഓടിയെത്തുന്നത് ചെന്നൈയിലെ താജ് ഹോട്ടലില്‍വെച്ചുള്ള അവളുടെ ആദ്യ ജന്മദിന ആഘോഷവുമായി ബന്ധപ്പെട്ട പാര്‍ട്ടിയാണ്. അവളുടെ അച്ഛനും അമ്മയും അവള്‍ക്കായി വലിയ പാര്‍ട്ടിയായിരുന്നു ഒരുക്കിയത്. മനോഹരമായ ഗോള്‍ഡന്‍ ഉടുപ്പില്‍ അതിസുന്ദരിയായിരുന്നു അവള്‍. രാത്രി കടന്നുപോകവേ പിറന്നാളുകാരിയെ കാണാതായി! അവളുടെ അമ്മ പിന്നീട് വന്നുപറഞ്ഞു, അവള്‍ ഉറങ്ങിയെന്ന്. ആ വലിയ പാര്‍ട്ടിയ്ക്കിടെ നേരത്തെ ഉറങ്ങിപ്പോയ പിറന്നാളുകാരിയെ കുറിച്ച്‌ ഞാനെപ്പോഴും ഓര്‍ക്കാറുണ്ട്.

ഇന്നവള്‍ വളര്‍ന്നു. അവളുടേതായ വഴി തെളിച്ചു. ഇത്ര ചെറുപ്രായത്തില്‍ തന്നെ ഒരെഴുത്തുകാരിയായി. പ്രായത്തിനുമപ്പുറമാണ് അവളുടെ ചിന്തകളും കലയുമെല്ലാം. അവളുടെ വളര്‍ച്ചയെക്കുറിച്ച്‌, അനുഭവങ്ങളെക്കുറിച്ച്‌ എല്ലാമുള്ള ഉള്‍ക്കാഴ്ച ഈ പുസ്തകത്തിലൂടെ ലഭിക്കും. എല്ലാം ആശംസകളും മായ, നീ അഭിമാനമാണ്. സ്‌നേഹത്തോടെ ചാലുചേട്ടന്‍ എന്ന് എഴുതിയായയിരുന്നു കുറിപ്പ് അവസാനിക്കുന്നത്.