മത്സ്യത്തൊഴിലാളികളുമായുള്ള സംസാരത്തിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് തെറ്റായ പരിഭാഷ പറഞ്ഞുകൊടുത്ത് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി. പുതുച്ചേരി സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും കുറ്റപ്പെടുത്തി സംസാരിച്ച മത്സ്യത്തൊഴിലാളിയുടെ വാക്കുകള്‍ മാറ്റി തന്നേയും സര്‍ക്കാരിനേയും പുകഴ്ത്തി പറയുകയാണെന്ന് പരിഭാഷപ്പെടുത്തി രാഹുലിന് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു. പുതുച്ചേരിയിലെ മത്സ്യത്തൊഴിലാളികളെ കാണാന്‍ മുഖ്യമന്ത്രിക്കൊപ്പമാണ് രാഹുല്‍ എത്തിയത്.
നിവാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കഷ്ടതകളില്‍ തങ്ങളെ സഹായിക്കാന്‍ ആരുമുണ്ടായില്ലെന്നും മുഖ്യമന്ത്രി പോലും സംഭവസ്ഥലത്ത് സന്ദര്‍ശനം നടത്തിയില്ലെന്നുമായിരുന്നു സ്ത്രീയുടെ പരാതി. എന്നാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ സ്ത്രീ പ്രശംസിക്കുകയാണെന്നാണ് നാരായണസ്വാമി രാഹുല്‍ഗാന്ധിയെ ധരിപ്പിച്ചത്. നിവാര്‍ ചുഴലിക്കാറ്റ് സമയത്ത് താന്‍ സംഭവസ്ഥലത്ത് സന്ദര്‍ശനം നടത്തിയെന്നും അവരെ ആശ്വസിപ്പിച്ചെന്നുമാണ് സ്ത്രീ പറയുന്നതെന്നായിരുന്നു നാരായണസ്വാമി രാഹുലിനെ ധരിപ്പിച്ചത്.
രാഹുലിനെ തെറ്റിദ്ധരിപ്പിച്ച പുതുച്ചേരി മുഖ്യമന്ത്രിയുടെ നടപടി വന്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.