ചെന്നൈ : രണ്ടാഴ്ചയ്ക്കിടെ 4 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയിലായ പുതുച്ചേരിയില്‍ കൂടുതല്‍ ഇടപെടലുകള്‍. നിയമസഭ വിളിച്ചുകൂട്ടി നാരായണ സാമി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം ലഫ്.ഗവര്‍ണര്‍ക്കു കത്തു നല്‍കി.
കിരണ്‍ ബേദിക്കു പകരം ലഫ്.ഗവര്‍ണറായി നിയമിതയായ തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ ഇന്നു ചുമതലയേല്‍ക്കും.ബിജെപി തമിഴ്നാട് ഘടകം മുന്‍ അധ്യക്ഷയായ അവര്‍ സര്‍ക്കാരിനോടു ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടുമെന്നാണു സൂചന.നാമനിര്‍ദേശം ചെയ്യപ്പെട്ട 3 ബിജെപി എംഎല്‍എമാരുള്‍പ്പെടെ 33 അംഗങ്ങളാണു പുതുച്ചേരി നിയമസഭയില്‍.
2 പേര്‍ ബിജെപിയില്‍ ചേര്‍ന്നു. മറ്റുള്ളവര്‍ ഉടന്‍ ചേരും. നിലവില്‍ സഭയുടെ അംഗബലം 28. കോണ്‍ഗ്രസിന്റെ 10 ഉള്‍പ്പെടെ ഭരണ പക്ഷത്ത് 14. തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി. 25നു പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തു പ്രചാരണത്തിനെത്തും.
സര്‍ക്കാര്‍ പ്രതിസന്ധിയിലാണെങ്കിലും ഭൂരിപക്ഷം തെളിയിക്കുമെന്ന അവകാശവാദം മുഖ്യമന്ത്രി വി.നാരായണ സാമി ആവര്‍ത്തിച്ചു.