തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കേന്ദ്ര അന്വേഷണ ഏജന്‍സി കുറ്റക്കാരനായി കണ്ട സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കു അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മികാവകാശം നഷ്ടപ്പെട്ടതായി ഉമ്മന്‍ചാണ്ടി . രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണ്ണക്കടത്ത് , ഡോളര്‍ കടത്ത്, ഹവാല, ലൈഫ് മിഷന് ഇടപാടുകളിലെ രാഷ്ട്രീയബന്ധം വൈകാതെ പുറത്തുവരും . ഇതോടെ സര്‍ക്കാരിന്റെ തകര്‍ച്ച സമ്പൂര്‍ണ്ണമാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്ന ഹവാല ഇടപാടിനും സ്വര്‍ണ്ണക്കടത്തിനും സര്‍ക്കാരിന്റെ സംരക്ഷണം ലഭിച്ചു . പാവപ്പെട്ടവരുടെ വീട് നിര്‍മ്മിച്ചതിലും പ്രളയബാധിതരുടെ വീടുകള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിലുംവരെ കമ്മീഷന് വാങ്ങി . ഇടപാടുകളിലെ ഭീകരബന്ധം അന്വേഷണത്തിലാണ്.
എല്ലാ സര്‍ക്കാരുകളുടെയും കാലത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കേസില്‍പ്പെടുകയും നടപടി ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. പക്ഷേ, മുഖ്യമന്ത്രിയുടെ പ്രതിപുരുഷനായി അദ്ദേഹത്തിന്റെ ഓഫീസിന്റെ പൂര്‍ണ്ണ ചുമതല വഹിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറിതന്നെ അത്യന്തം ഗുരുതരമായ കേസില്‍പ്പെടുന്നത് സംസ്ഥാനത്ത് ആദ്യമായാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .