ഉത്തര്‍പ്രദേ ശിലെ ഉന്നാവിലെ വനമേഖലയില്‍ ദുരൂഹസാഹചര്യത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

മരിച്ച പെണ്‍കുട്ടികളോടൊപ്പം കണ്ടെത്തിയ മൂന്നാമത്തെ പെണ്‍കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് ആശുപത്രി അധികൃതര്‍.

അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയെ ഇപ്പോള്‍ എയര്‍ ലിഫ്റ്റ് ചെയ്ത് ഡല്‍ഹിയില്‍ വിദഗ്ധ ചികിത്സയ്ക്ക് എത്തിക്കാനാണ് തിരുമാനം.

പശുവിന് പുല്ല് പറിക്കാന്‍ പോയ കുട്ടികളെ കാണാതാകുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പെണ്‍കുട്ടികളെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

വനത്തിന് സമീപത്തുള്ള പാടത്ത് നിന്നുമാണ് 13, 16 വയസുള്ള രണ്ടു പേരുടെ മൃതദേഹം കണ്ടെത്തിയത്. കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ മൂന്നാമത്തെ പെണ്‍കുട്ടിയെ ആശുപത്രിയിലാക്കുകയും ചെയ്തു.

അസോഹ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. വിഷം ഉള്ളില്‍ ചെന്നാണ് രണ്ട് പെണ്‍കുട്ടികളും മരിച്ചതെന്നാണ് ഉന്നാവോ പൊലീസിന്റെ പ്രാഥമിക നിഗമനം.

എസ്പി ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇന്നലെ രാത്രിയില്‍ സ്ഥലത്തെത്തി തുടര്‍ അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഏത് സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ മരിച്ചു എന്നതിനടക്കം മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ഉത്തരം നല്‍കാന്‍ സാധിക്കും എന്ന് പൊലീസ് വ്യക്തമാക്കി. എല്ലാ സാധ്യതകളും സംശയങ്ങളും പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.