ന്യൂദല്‍ഹി: ദല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന ഒരു കര്‍ഷക നേതാവിനെ വധിക്കാന്‍ ഖാലിസ്ഥാന്‍ ഭീകരര്‍ പദ്ധതിയിട്ടു. ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ് (കെസിഎഫ്) നടത്തിയ ആഗോള ഗൂഢാലോചനയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് റോയും ഇന്റലിജന്‍സ് ബ്യൂറോയും കണ്ടെത്തിയത്. സമരത്തില്‍ തീവ്രവാദ സംഘടനകളുടെ ഇടപെടല്‍ ഉണ്ടാകുമെന്ന് നേരത്തേ തന്നെ ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കര്‍ഷക നേതാവിനെ വധിച്ച്‌ രാജ്യത്ത് വന്‍ കലാപമുണ്ടാക്കാനാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്.

ബെല്‍ജിയവും ബ്രിട്ടണും കേന്ദ്രമാക്കിയുള്ള ഖാലിസ്ഥാന്‍ തീവ്രവാദികള്‍ നടത്തിയ ഗൂഢാലോചനയുടെ വിവരങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. കര്‍ഷക നേതാവിനെ വധിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തതും കെസിഎഫാണ്. കെസിഎഫിനെതിരെ നേരത്തേ നിലപാട് സ്വീകരിച്ചിട്ടുള്ള പഞ്ചാബില്‍ നിന്നുള്ള ഈ കര്‍ഷക നേതാവിനെ വധിക്കുന്നതിലൂടെ കലാപം സൃഷ്ടിക്കാനും അതിലൂടെ വന്‍ നേട്ടം കൊയ്യാനുമാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. കാനഡ, യുകെ, ബെല്‍ജിയം, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് കെസിഎഫ് തീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നത്.

ബെല്‍ജിയത്തിലും യുകെയിലുമുള്ള മൂന്ന് ഖാലിസ്ഥാന്‍ തീവ്രവാദികള്‍ ദല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷക നേതാവിനെ വധിക്കാന്‍ തയാറാക്കിയ പദ്ധതിയുടെ വിവരങ്ങള്‍ കണ്ടെത്തിയതായി കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഏജന്‍സിയോ, പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയോ ആണ് കര്‍ഷക നേതാവിനെ വധിച്ചതെന്ന് പ്രചാരണം നടത്താനും കലാപം സൃഷ്ടിക്കാനുമാണ് ലക്ഷ്യമിട്ടത്.