ന്യൂഡല്‍ഹി: തനിക്കെതിരെ മാധ്യമപ്രവര്‍ത്തക പ്രിയ രമണി ഉന്നയിച്ച മീ ടൂ ആരോപണത്തിനെതിരെ, മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ നല്‍കിയ മാനനഷ്ട കേസ് കോടതി തള്ളി. ഡെല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാറാണ് വിധി പുറപ്പെടുവിച്ചത്.
പ്രിയ രമണിയെ കുറ്റവിമുക്തയാക്കിയ കോടതി, പതിറ്റാണ്ടുകള്‍ പിന്നിട്ടാലും ഒരു സ്ത്രീക്ക് പരാതി ഉന്നയിക്കാന്‍ അവകാശമുണ്ടെന്ന് വ്യക്തമാക്കി. പ്രിയ രമണിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. ആരോപണങ്ങളുമായി സാമൂഹിക അപമാനം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഉത്തരവ് വായിച്ചുകൊണ്ട് കോടതി പറഞ്ഞു. ലൈംഗിക പീഡനവും ഉപദ്രവവും ഇരകളില്‍ സൃഷ്ടിക്കുന്ന ആഘാതം സമൂഹം മനസിലാക്കണം. പതിറ്റാണ്ടുകള്‍ പിന്നിട്ടാലും തന്റെ പരാതി നല്‍കാനുള്ള അവകാശം ഒരു സ്ത്രീക്കുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്ന അക്ബറിനതിരെ 2018 ഒക്ടോബറിലാണ് പ്രിയ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ ലൈംഗിക അതിക്രമ ആരോപണവുമായി രംഗത്തെത്തിയത്. മീടു വെളിപ്പെടുത്തലുകളുടെ ഭാഗമായായിരുന്നു എംജെ അക്ബറിനെതിരെ പ്രിയയുടെ വെളിപ്പെടുത്തല്‍. ഇതിനു പിന്നാലെ ഒരു ഡസനോളം വനിത മാധ്യമപ്രവര്‍ത്തകരും ആരോപണങ്ങളുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് അക്ബര്‍ തന്റെ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. രാജി വച്ചതിനു പിന്നാലെ രമണിക്കെതിരെ അക്ബര്‍ മാനനഷ്ടക്കേസ് സമര്‍പിക്കുകയായിരുന്നു.
മന്ത്രി എന്ന നിലയ്ക്കു മാത്രമല്ല, വര്‍ഷങ്ങള്‍കൊണ്ട് താന്‍ ആര്‍ജിച്ചെടുത്ത കീര്‍ത്തിയും ബഹുമാനവും തന്റെ കുടുംബത്തിനിടയിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും നഷ്ടപ്പെടുത്തിയെന്നും അക്ബര്‍ പറയുന്നു. തനിക്കെതിരെ ഉന്നയിച്ച തെറ്റായ ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ ആരോപണം ഉന്നയിച്ച പ്രിയയെ വിചാരണ ചെയ്യണമെന്ന ആവശ്യവും അക്ബര്‍ ഉന്നയിച്ചിട്ടുണ്ട്.
ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്‍സ്റ്റീനെതിരെയുള്ള ലൈംഗികാരോപണ കൊടുങ്കാറ്റായാണ് ‘മീ ടൂ’ കാമ്ബയിന്‍ തുടങ്ങിയതെങ്കിലും ഒറ്റ ദിവസം കൊണ്ട് അത് ലോകമെമ്ബാടും തരംഗമായി. മീടു വെളിപ്പെടുത്തലുകളുടെ ഭാഗമായി, അക്ബറിനെതിരെ ആരോപണവുമായി എത്തിയത് പ്രിയ രമണിയായിരുന്നു.
2017-ല്‍ ‘ലോകത്തിലെ ഹാര്‍വി വെയിന്‍സ്റ്റീന്‍മാരോട്’ എന്ന തലക്കെട്ടില്‍ വോഗിനായി എഴുതിയ ലേഖനത്തിലാണ്, 1994ല്‍ ഒരു മാധ്യമ സ്ഥാപനത്തിലേക്കുള്ള തൊഴില്‍ അഭിമുഖത്തിനിടെ അവിടുത്തെ തൊഴില്‍ മേധാവി തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ലേഖനത്തില്‍ പ്രിയ രമണി ആരോപിച്ചത്.
‘നിങ്ങള്‍ എന്റെ പ്രൊഫഷണല്‍ ഹീറോകളില്‍ ഒരാളായിരുന്നു. നിങ്ങളുടെ ബൗദ്ധികമായ ഔന്നത്യത്തില്‍ ആകൃഷ്ടയായാണ് ഞാന്‍ മാധ്യമപ്രവര്‍ത്തനരംഗത്തേക്കു കടന്നുവന്നത് പോലും.’ എം ജെ അക്ബറിനെതിരായ ട്വീറ്റില്‍ പ്രിയ രമണി പറഞ്ഞുതുടങ്ങിയത് ഇങ്ങനെയാണ്.
അക്ബറിന്റെ മേധാവിത്വത്തിലുള്ള ഏഷ്യന്‍ ഏജ് പത്രത്തില്‍ ജോലിക്കായുള്ള അഭിമുഖത്തിനിടെ എം ജെ അക്ബര്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പിന്നീട് 2018ല്‍ ട്വിറ്ററില്‍ നടത്തിയ വെളിപ്പെടുത്തലില്‍ പ്രിയ രമണി പറഞ്ഞു.