ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14-ാം പതിപ്പിനുള്ള ഒരുക്കങ്ങള്‍ സജീവമാവുകയാണ്. 292 താരങ്ങളാണ് വ്യാഴാഴ്ച നടക്കുന്ന താരലേലത്തില്‍ പങ്കെടുക്കുന്നു. ചെന്നൈയിലാണ് ഇത്തവണത്തെ താരലേലം. 1114 താരങ്ങളായിരുന്നു ഇത്തവണ താരലേലത്തിന് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും 292 പേരാണ് ബിസിസിഐയുടെ അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്.

ഐപി‌എല്‍ ഗവേണിങ് കൗണ്‍സിലാണ് കളിക്കാരുടെ പട്ടിക വെട്ടിച്ചുരുക്കിയത്. എട്ട് ഫ്രാഞ്ചൈസികളിലായി 61 സ്ലോട്ടുകളിലേക്കാണ് താരലേലം. മൊത്തം 164 ഇന്ത്യന്‍ കളിക്കാരെയും 125 വിദേശ കളിക്കാരെയും അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് പേരെയും ലേലത്തിനുള്ള അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തി.

 

 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലാണ് ഏറ്റവും കൂടുതല്‍ 13 സ്ലോട്ടുകള്‍ ഉള്ളത്. സണ്‍റൈസേഴ്‌സിന് മൂന്ന് ഒഴിവുകള്‍ മാത്രമാണ് ഉള്ളത്. കിംഗ്സ് ഇലവന്‍ പഞ്ചാബിനാണ് ലേലത്തിനായി ചിലവാക്കാന്‍ ഏറ്റവും കൂടുതല്‍ പണമുള്ളത്, 53.1 കോടി രൂപ. സണ്‍ റൈസേഴ്സിനാണ് ഏറ്റവും കുറവ് മാത്രം ചിലവഴിക്കാനാവുക. 10.75 കോടിയാണ് സണ്‍റൈസേഴ്സിന് ചിലവഴിക്കാവുന്ന തുക. സി‌എസ്‌കെക്ക് 22.7 കോടിയാണ് ചിലവാക്കാനാവുക. ആറ് താരങ്ങളെ ടീമിനെ ലേലത്തില്‍ വിളിക്കാം.

 

 

മാക്‌സ്‌വെല്‍, സ്മിത്ത് എന്നിവരെ കൂടാതെ, ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടി വിഭാഗത്തില്‍ ഉള്‍പ്പെട്ട മറ്റ് വിദേശ താരങ്ങളില്‍ ഷാകിബ് അല്‍ ഹസന്‍, മൊയിന്‍ അലി, സാം ബില്ലിംഗ്സ്, ലിയാം പ്ലങ്കറ്റ്, ജേസണ്‍ റോയ്, മാര്‍ക്ക് വുഡ് എന്നിവരും ഉള്‍പ്പെടുന്നു. 1.5 കോടി രൂപയുടെ അടിസ്ഥാന വിലയുള്ള വിഭാഗത്തില്‍ 12 കളിക്കാരാണുള്ളത്. ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ഹനുമ വിഹാരി, ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവ് എന്നിവര്‍ ഒരുകോടിയുടെ മൂന്നാമത്തെ വിഭാഗത്തിലാണ്. 18ന് ഉച്ചക്ക് മൂന്നുമണിക്കാണ് ലേലം ആരംഭിക്കുക.