കൊച്ചി : ഐഎസ്എല്ലിൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണയും പതിവ് തെറ്റിച്ചില്ല. തുടർ തോൽവികൾക്ക് പിന്നാലെ കോച്ചിനെ ഒഴിവാക്കി. നിലവിലെ കോച്ചായ കിബു വികുനയെ പുറത്താക്കിയ കാര്യം ബ്ലാസ്റ്റേഴ്സ് തന്നെയാണ് തങ്ങളുടെ സാമൂഹിക മാദ്ധ്യമങ്ങൾ വഴി ഔദ്യോഗികമായി അറിയിച്ചത്. അസിസ്റ്റന്റ് കോച്ചായ ഇഷ്ഫാഖ് അഹമ്മദിനാണ് പകരം ചുമതല. പരസ്പര ധാരണയോടെ പിരിയുന്നുവെന്നാണ് ക്ലബ്ബിന്റെ വിശദീകരണം.

ഇന്നലത്തെ കനത്ത തോൽവിയ്ക്ക് പിന്നാലെ കോച്ചും ക്ലബ്ബും തമ്മിൽ വഴിപിരിയുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇന്നാണ് ഇക്കാര്യത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സീസണിലെ അദ്ദേഹത്തിന്റെ സംഭാവനകൾക്ക് ഞങ്ങൾ അദ്ദേഹത്തിന് നന്ദി പറയുകയും ഭാവിയിലെ പരിശ്രമങ്ങളിൽ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ബ്ലാസ്റ്റേഴ്സ് തങ്ങളുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വാർത്താക്കുറിപ്പിൽ പറയുന്നു.