ലക്‌നൗ: യുപി പോലീസ് അറസ്റ്റ് ചെയ്ത രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ വെറുതെ വിടണമെന്ന ആവശ്യവുമായി ഓൾ ഇന്ത്യ മുസ്ലീം പേഴ്‌സണൽ ലോ ബോർഡ് നേതാവ് സഫര്യാബ് ജിലാനി. കഴിഞ്ഞ ദിവസം പിടിയിലായ രണ്ട് പേരുൾപ്പെടെ ഇതുവരെ അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെല്ലാം നിരപരാധികളാണെന്നാണ് ജിലാനി പറഞ്ഞത്.

യുപി പോലീസ് അറസ്റ്റ് ചെയ്ത രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല. പ്രവർത്തകരിൽ നിന്നും പിടിച്ചെടുത്ത ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പോലീസ് കെട്ടിച്ചമച്ചതാണ്. ഇതിന് മുൻപും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അവർക്കെതിരെയും തെളിവ് ലഭിച്ചിട്ടില്ലെന്നാണ് ജിലാനി പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് യുപി പോലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് മലയാളികളായ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പിടികൂടിയത്. ഇവരിൽ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിരുന്നു. യുപിയിലെ പ്രധാന സ്ഥലങ്ങളിൽ ആക്രമണം നടത്താനാണ് ഇവർ സംസ്ഥാനത്തെത്തിയത്. ഹിന്ദു സംഘടനാ നേതാക്കളെയും ഇവർ ലക്ഷ്യമിട്ടിരുന്നു എന്ന് യുപി പോലീസ് അറിയിച്ചിരുന്നു.

പോപ്പുലർ ഫ്രണ്ട് നേതാക്കൾ രാജ്യത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നാണ് യുപി പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ അറിയിച്ചത്. ഹത്രാസിൽ പെൺകുട്ടി മരിച്ച സമയത്തും സംഘർഷം സൃഷ്ടിക്കാനാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ യുപിയിലെത്തിയത് എന്നും വ്യക്തമാക്കിയിരുന്നു. ഇതുവരെ യുപിയിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതുൾപ്പെടെ വിവിധ കേസുകളിലായി 123 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.