കോറോണ വ്യാപനം ആരംഭിച്ച കാലത്ത് ഇന്ത്യയില്‍ രോഗവ്യാപനം വളരെ കുറഞ്ഞ തോതിലായിരുന്നുവെങ്കിലും പിന്നീട് രോഗവ്യാപനം അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു. അതുവരെ കോവിഡ് വ്യാപനത്തില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന രാജ്യങ്ങളെയെല്ലാം പുറകിലാക്കി, കോവിഡ് രോഗികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യ മുന്നോട്ടുകുതിച്ചു. ഒരു അവസരത്തില്‍ അമേരിക്കയേയും ഇന്ത്യ മറികടക്കും എന്നുവരെയുള്ള തോന്നല്‍ ഉണ്ടായി.

എന്നാല്‍, ഇപ്പോള്‍, ശാസ്ത്രലോകത്തിന് തന്നെ അദ്ഭുതമായി രോഗവ്യാപന നിരക്ക് താഴേക്ക് വരികയാണ് ഇന്ത്യയില്‍. സെപ്റ്റംബറില്‍ പ്രതിദിനം 1 ലക്ഷം രോഗികള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥലത്ത് ഇപ്പോള്‍ ഏകദേശ 10,000 പേര്‍ക്കാണ് ഓരോ ദിവസവും രോഗം സ്ഥിരീകരിക്കുന്നത്. ഇത് വിദഗ്ദര്‍ക്ക് ഉത്തരം കിട്ടാത്ത ചോദ്യമായി മാറിയിരിക്കുകയാണ്. സര്‍ക്കാര്‍ നടപ്പിലാക്കിയ മാസ്‌ക് ധാരണവും സാമൂഹിക അകലം പാലിക്കലും പോലുള്ള പദ്ധതികളാണ് ഇതിന് കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നതെങ്കിലും അത് മാത്രമാണ് കാരണം എന്ന് വിശ്വസിക്കാന്‍ വിദേശ ശാസ്ത്രലോകം തയ്യാറല്ല.

പല ശാസ്ത്രജ്ഞരും വിശ്വസിക്കുന്നത് ഇന്ത്യയിലെ വന്‍നഗരങ്ങളിലെല്ലാം സാമൂഹിക പ്രതിരോധശേഷി അഥവാ ഹേര്‍ഡ് ഇമ്മ്യുണിറ്റി കൈവന്നിട്ടുണ്ടാകാം എന്നാണ്.ഈയിടെ നടത്തിയ ഒരു പഠനത്തില്‍ ഇന്ത്യയില്‍ ഏറ്റവും ജനസാന്ദ്രതയേറിയ നഗരങ്ങളില്‍ ഒന്നായ ഡല്‍ഹിയില്‍ 56 ശതമാനം പേരിലും കോവിഡ് ആന്റിബോഡികളുടെ സാന്നിദ്ധ്യം കണ്ടെത്തി.ഇനിയൊരു കാര്യം, വികസിത രാജ്യങ്ങളില്‍ നടക്കുന്നത്ര വിപുലവും വ്യാപകവുമായ രീതിയില്‍ ഇന്ത്യയില്‍ കോവിഡ് പരിശോധന നടക്കുന്നില്ല എന്നതാണെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

മറ്റൊരു കാരണം കൂടി പാശ്ചാത്യ ലോകത്തെ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ത്യയില്‍ പാശ്ചാത്യ നാടുകളിലേതിനേക്കാള്‍ കൂടുതലായി യുവാക്കളുണ്ട്.. ഇന്ത്യയുടെ ശരാശരി പ്രായം 30 ആണ്. മാത്രമല്ല, അമിതവണ്ണം ഉള്ളവരുടെ എണ്ണവും ഇന്ത്യയി വളരെയധികം കുറവാണ്.. കോവിഡ് ബാധയ്ക്കും മരണത്തിനും ഏറ്റവുമധികം സഹായകരങ്ങളായ രണ്ട് സാഹചര്യങ്ങളാണ് പ്രായാധിക്യവും പൊണ്ണത്തടിയും. ഇത് രണ്ടും കുറവായതിനാല്‍ ഇന്ത്യയില്‍ വ്യാപനവും കുറഞ്ഞു എന്നാണ് ഇവര്‍ പറയുന്നത്.

അതേസമയം, പശ്ചാത്യ നാടുകളില്‍ ദര്‍ശിച്ചതുപോലെ കോവിഡിന് ചികിത്സതേടി കൂട്ടംകൂട്ടമായി ആളുകള്‍ ആശുപത്രികളില്‍ എത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ, രോഗ്യവ്യാപനം പൂര്‍ണ്ണമായും കണക്കിലെ പിഴവായി പറയാന്‍ ആകില്ലെന്നാണ് മറ്റൊരു കൂട്ടം ശാസ്ത്രജ്ഞര്‍ പറയുന്നത്. ഏതായാലും ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിലുണ്ടായ കുറവ് ലോക ശ്രദ്ധയാകര്‍ഷിച്ചു എന്നു മാത്രമല്ല ഇന്ന് ശാസ്ത്ര ലോകത്തിന്റെ പഠനവിഷയവുമായിരിക്കുന്നു.