കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിചാരണക്കോടതി ഇന്ന് കൂടുതല്‍ വാദം കേള്‍ക്കും. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചെന്നും ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം എന്നുമാണ് ആവശ്യം. മുന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ കാലത്താണ് ഹര്‍ജി നല്കിയതെങ്കിലും പല കാരണങ്ങളാല്‍ വാദം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ ഒരു പ്രതിയെകൂടി കോടതി ഇന്നലെ മാപ്പുസാക്ഷിയായി അംഗീകരിച്ചിരുന്നു. പത്താം പ്രതി വിഷ്ണു നല്‍കിയ ഹര്‍ജിയാണ് കൊച്ചിയിലെ വിചാരണ കോടതി അംഗീകരിച്ചത്. നടിയെ ആക്രമിച്ച ശേഷം അറസ്റ്റിലായ ഒന്നാം പ്രതി സുനില്‍ കുമാര്‍ ജയിലില്‍ വെച്ച്‌ പണം ആവശ്യപ്പെട്ട് ദിലീപിന് കത്തയപ്പോള്‍, അതിന്‍റെ സാക്ഷിയാണ് സഹ തടവുകാരനായിരുന്ന വിഷ്ണു. കേസില്‍ വിപിന്‍ലാല്‍ അടക്കമുള്ള മറ്റ് മൂന്ന് പ്രതികളും നേരത്തെ മാപ്പുസാക്ഷിയായിട്ടുണ്ട്.